
ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാൻ തീരുമാനം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പുലിയെ കണ്ടാൽ ഉടൻതന്നെ മയക്കുവെടിവെക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ 30 ന് ചാലക്കുടി പുഴയോട് ചേർന്ന ഭാഗത്ത് പുലിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നത്. ജനവാസ മേഖലയിൽ പുലിയിറങ്ങി മൂന്നാഴ്ച പിന്നിടുമ്പോൾ വിഷയത്തെ നിസ്സാരവൽക്കരിക്കരുതെന്ന് ജനപ്രതികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതോടെ പുലിയെ കണ്ടാൽ ഉടൻതന്നെ മയക്കുവെടിവെക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
പുലിയുടെ സാന്നിധ്യം കണ്ടെത്തിയ മേഖലയിൽ നിലവിൽ 49 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ആണ് തീരുമാനം. നിലവിൽ നാല് കൂടുകൾ സ്ഥാപിച്ചതിനു പുറമേ കൂടുതൽ കൂടുകളും സ്ഥാപിക്കും. പുഴയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പുറമേ കർശന ജാഗ്രത നിർദേശമാണ് പ്രദേശവാസികൾക്ക് നൽകിയിട്ടുള്ളത്.
അതേസമയം, പുലി ഇന്നലെ രാത്രി ചാലക്കുടിപ്പുഴയുടെ തീരത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ചാലക്കുടിപ്പുഴയുടെ സമീപത്തെ കാട്ടിൽ പുലി ശബ്ദം ഉണ്ടാക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. മുപ്പതാം തീയതി പുലിയെത്തിയ അതേ മേഖലയിൽ നിന്നുള്ളതാണ് പുതിയ സിസിടിവി ദൃശ്യം.