![](https://sakhionline.in/wp-content/uploads/2025/01/athirappilli-1-1.jpg)
തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ നടന്ന തെരച്ചിലില്‍ മയക്കുവെടി വെക്കാനുള്ള നീക്കങ്ങള്‍ക്കിടെ ആന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞതോടെയാണ് ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇന്ന് നടക്കുന്ന തെരച്ചിലില്‍ അനുകൂല സാഹചര്യമുണ്ടായാല്‍ ആനക്ക് ചികിത്സ നല്‍കാമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ആനയെ കണ്ടെത്താനുള്ള നടന്ന നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഇന്നും ദൗത്യം തുടരാനുള്ള തീരുമാനം വനംവകുപ്പ് കൈക്കൊണ്ടത്.
കഴിഞ്ഞദിവസം നടന്ന തരത്തില്‍ മൂന്ന് സ്ഥലങ്ങളിലായി ആനയെ കണ്ടെത്തിയിരുന്നെങ്കിലും കൃത്യമായ സ്ഥലം നിര്‍വചിക്കാനോ ആനയെ മയക്കുവെടി വെക്കാനോ സാധിച്ചിരുന്നില്ല. കാലടി പ്ലാന്റേഷന് ഉള്ളില്‍ വിവിധ സ്ഥലങ്ങളില്‍ ആനയെ ഇന്നലെ കണ്ടെത്തിയിരുന്നു എന്നാല്‍ മനുഷ്യ സാമിപ്യം തിരിച്ചറിഞ്ഞ ആന പ്ലാന്റേഷന്‍ തോട്ടങ്ങള്‍ കടന്ന് കാട്ടിലേക്ക് കയറിയതാണ് ദൗത്യത്തിന് തിരിച്ചടിയായത്. ക്യാമറകള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇതോടെയാണ് തിരച്ചില്‍ തുടരാനും ആനയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് ചികിത്സ ആരംഭിക്കാനും വനം വകുപ്പ് തീരുമാനിച്ചത്.
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെ തന്നെ ആനയെ കണ്ടെത്തി മയക്കുവെടി വെക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. രാവിലെതന്നെ ആനയെ കണ്ടെത്താനായാല്‍ ഉച്ചയോടെ ദൗത്യം പൂര്‍ത്തീകരിക്കാം എന്നാണ് വനവകുപ്പ് അധികൃതരും പ്രതീക്ഷിക്കുന്നത്.