പ്രതിപക്ഷത്തിന്റെ ആരവങ്ങൾക്കിടയിൽ രാഹുൽ ഗാന്ധി റായ്ബറേലി എംപിയായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി രാഹുൽ ദൃഢപ്രതിജ്ഞയാണെടുത്തത്. ബിജെപി എംപി ഛത്രപാൽ സിംഗ് സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദുരാഷ്ട്ര എന്നു വിളിച്ചതും, അസദുദീൻ ഒവൈസി ജയ് പലസ്തീൻ എന്ന് പറഞ്ഞതും സഭയിൽ വലിയ ബഹളത്തിനിടയാക്കി.
പ്രതിപക്ഷത്തിന് വലിയ ഊർജമായി മാറുകയായിരുന്നു പതിനെട്ടാമത് ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങി. ബിജെപി അംഗങ്ങൾ ജയ്ശ്രീറാം മുഴക്കി. ഭരണപക്ഷത്തെ നോക്കിയും രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തിക്കാട്ടി. രാഹുലിന് ശേഷം അമേഠിയിൽ നിന്നുള്ള കിഷോരിലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. കനൌജ് എംപിയായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില് നിന്നും വിജയിച്ച എഐഎംഐഎം നേതാവ് അസദുദീൻ ഒവൈസി സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്.
പാർലമെന്റിൽ ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ ബിജെപി എംപി ശോഭ കരന്തലജേ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീടെത്തിയ ബിജെപിയുടെ ബരേലി എംപി ഛത്രപാൽ സിംഗ് ഗംഗ്വാർ സത്യവാചകത്തിന് ശേഷം ജയ് ഹിന്ദുരാഷ്ട്ര് വിളിച്ചപ്പോൾ പ്രതിപക്ഷവും ബഹളം വച്ചു. ഗാസിയാബാദ് എംപി അതുൽ ഗാർഗ് സത്യവാചകത്തിന് ശേഷം നരേന്ദ്രമോദിക്കും, ഹെഡ്ഗേവാറിനും ജയ് വിളിച്ചതും പ്രതിപക്ഷ ബഹളത്തിനിടയാക്കി. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽനിന്നും വിജയിച്ച സമാജ് വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദിന്റെ സത്യപ്രതിജ്ഞ ജയ് ശ്രീറാം വിളിച്ചാണ് പ്രതിപക്ഷം ആഘോഷിച്ചത്. തമിഴ്നാട്ടിൽനിന്നുള്ള അംഗങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, ആദിവാസികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും മുദ്രാവാക്യം വിളിക്കുന്നതിനും സഭ ഇന്ന് സാക്ഷിയായി.