ദേവകുമാറിന്റെ മകനെന്ന് പറയുന്നത് രാഷ്ട്രീയമായി ചെറുപ്പം മുതലെ ഞങ്ങളുടെ കൂടെ നില്‍ക്കുന്നയാളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ളയാള്‍. ദേവകുമാറും നമ്മളുമൊക്കെയായുള്ള ബന്ധം എല്ലാവര്‍ക്കുമറിയാമല്ലോ. അതിന്റെ ഭാഗമായി, അയാള്‍ പറഞ്ഞപ്പോള്‍ ഒരു ഇന്റര്‍വ്യൂ ആകാമെന്ന് കരുതി. അയാളും രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാകാം ആവശ്യപ്പെട്ടിട്ടുണ്ടാകുക. മറ്റുകാര്യങ്ങള്‍ അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ. എനിക്കറിയില്ല – പിആര്‍ ഏജന്‍സി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രതികരണമാണിത്. സിപിഎം നേതാവും ഹരിപ്പാട് മുന്‍ എംഎല്‍എയുമായിരുന്ന ദേവകുമാറിന്റെ മകന്‍ ടിഡി സുബ്രമണ്യനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇത്രയും ലളിതമായി മുഖ്യമന്ത്രി സുബ്രമണ്യനുമായുള്ള ബന്ധം പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. ആരാണ് സുബ്രമണ്യന്‍. എന്താണ് ഇയാള്‍ക്ക് സിപിഎമ്മും മുഖ്യമന്ത്രിയുമായി ബന്ധം?
ഡല്‍ഹി കേരളഹൗസില്‍ ദി ഹിന്ദു ദിനപത്രവുമായി അഭിമുഖം നടക്കുമ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ മാനേജര്‍ ടി.ഡി. സുബ്രഹ്‌മണ്യനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സി.പി.എം. ദേശീയനേതൃത്വത്തിലുള്ളവരുമായും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുവഴി, മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പി.ആര്‍. ദൗത്യത്തിന് സുബ്രഹ്‌മണ്യനെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നും സൂചനയുണ്ട്. കൈസണ്‍ കമ്പനി സി.ഇ.ഒ. വിനീത് ഹണ്ടയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശഭാഗം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത് ഈ സുബ്രഹ്‌മണ്യനാണ്.
സെക്കന്തരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി ( ഇഫ്‌ളു )യിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സുബ്രമണ്യന് രാഷ്ട്രീയപരമായി സിപിഎമ്മുമായി അടുപ്പമുണ്ട്. കെയ്സണ്‍ എന്ന പിആര്‍ ഏജന്‍സിയുമായി സുബ്രമണ്യത്തിന് നേരിട്ട് ബന്ധമില്ല. എന്നാല്‍, ഇയാള്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ഭാഗമാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയ്സന്റെ 75 ശതമാനം ഓഹരികള്‍ കൈവശമുള്ളത് റിലയന്‍സിന്റെ ഷെല്‍ കമ്പനി എന്ന ആരോപണം നേരിടുന്ന മേവന്‍ കോര്‍പ്പറേറ്റ് അഡ്വൈസേഴ്സിനാണ്. റിലയന്‍സിന്റെ പി ആര്‍ വര്‍ക്കുകള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് കെയ്സനാണ്. ഇതാണ് സുബ്രമണ്യവും കെയ്‌സണും തമ്മിലുള്ള ബന്ധം. കെയ്‌സണ്‍ ഗ്രൂപ്പ് സിഇഒ വിനീത് ഹണ്ഡ, വൈസ് പ്രസിഡന്റ്, മാഹി സ്വദേശിയായ നിഖില്‍ പവിത്രന്‍ എന്നിവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിന്റെ ടീമിനൊപ്പം പ്രവര്‍ത്തിച്ചുവെന്ന ചരിത്രമുണ്ട് സുബ്രഹ്‌മണ്യന്. അദ്ദേഹത്തിന്റെ ഐ പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി) എന്ന സ്ഥാപനത്തിന്റെ സ്ട്രാറ്റജ് റിസര്‍ച്ച് ടീം തലവനായിരുന്നു ഇയാള്‍. ഇതിന്റെ ഭാഗമായി വിവിധ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാള്‍ മുതല്‍ മമത ബാനര്‍ജി വരെയുള്ള നേതാക്കള്‍ ഈ സ്ട്രാറ്റജി പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെല്ലാം ശേഷം കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിന്റെ ഭാഗമാകുന്നത്. ദേവകുമാറിന്റെ മകന്‍ എന്നതിലുമുപരി ഐ പാകിലെ ശക്തമായ പശ്ചാത്തലമാകാം മുഖ്യമന്ത്രിക്കായി ഇങ്ങനെയൊരു അഭിമുഖം നല്‍കാനും ആ അഭിമുഖത്തിലുടനീളം അദ്ദേഹത്തിനൊപ്പം പങ്കെടുക്കാനുമെല്ലാം സുബ്രഹ്‌മണ്യത്തെ പ്രാപ്തനാക്കിയത്.