ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം T20യിൽ ഇന്ത്യ ശക്തമായ നിലയിൽ. നിശ്ചിത 20 ഓവറിൽ ഇന്ത്യ 219 റൺസെടുത്തു. തിലക് വർമയ്ക്ക് സെഞ്ച്വറി. 51 പന്തിൽ നിന്നുമാണ് തിലക് വർമ സെഞ്ച്വറി നേടിയത്. 107 റൺസുമായി പുറത്താവത്തെ നിന്ന തിലക് വർമയാണ് ഇന്ത്യയെ 200 കടത്തിയത്. ഓപ്പണർ അഭിഷേക് ശർമ 25 പന്തിൽ 50 റൺസ് നേടി. എന്നാൽ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി.
മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ടി20 കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. നേരിട്ട രണ്ടാം പന്തില്‍ സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് ആരാധകരെയും നിരാശപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡും സഞ്ജുവിന്‍റെ തലയിലായി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.