ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ദേശീയ മാധ്യമമായ ന്യൂസ് 18 ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നു.
അതേസമയം ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട്ടിൽ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും വൻ നാശ നഷ്ടങ്ങളുണ്ടാക്കിയ തമിഴ്‌നാട്ടിലെ, പ്രത്യേകിച്ച് വിഴുപുരത്തെ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഫോണിലൂടെയുള്ള സംഭാഷണത്തിൽ മോദി ആരാഞ്ഞു. സംസ്ഥാന സർക്കാർ ദുരന്തം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയെ അറിയിച്ചു.
സാമ്പത്തിക സഹായത്തിനുള്ള തൻ്റെ അഭ്യർത്ഥന അദ്ദേഹം ആവർത്തിക്കുകയും നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തലിനായി ഒരു സംഘത്തെ അയയ്ക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
“ഈ കൊടുങ്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് ആശ്വാസം നൽകാനും കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്താൻ ഒരു കേന്ദ്ര കമ്മിറ്റിയെ അയയ്‌ക്കാനും” മോദിയോട് അഭ്യർത്ഥിച്ചതായി എംകെ സ്റ്റാലിൻ എക്‌സിൽ പോസ്റ്റ് ചെയ്തു.