സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രമല്ല സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വരെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതായ പിടിപ്പത് പണിയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്. എന്നാല്‍ ഇവരുടെ പുതിയ ജോലികള്‍ ഏറെ വിചിത്രമാണ്.പ്രവര്‍ത്തന രഹിതമായി അടച്ചിട്ടിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കണക്കെടുക്കാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുതിയ പണി. എണ്ണം മാത്രം പോരാ ഓരോ കെട്ടിടത്തിന്റെയും വിസ്തീര്‍ണ്ണവും കെട്ടിട നമ്പരും ഏത് വകുപ്പിന്റേതാണ് കെട്ടിടമെന്നും കണ്ടെത്തണം. ഇതിനായി വില്ലേജ് ഓഫീസുകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ അടുത്ത ഒരാഴ്ച കയറി ഇറങ്ങേണ്ടി വരും.
സ്റ്റുഡന്‍സ് പോലീസുമായി ബന്ധപ്പെട്ടാണ് മറ്റൊരു ‘രഹസ്യാന്വേഷണം’. സ്റ്റുഡന്‍സ് പോലീസ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ എത്ര രൂപ നല്‍കുന്നു? എത്ര ചിലവഴിച്ചു? എന്തിന്ന് ചിലവഴിച്ചുവെന്നതും കണ്ടെത്തണം. ഡിവൈഎസ്പി അഥവാ എസിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസറായാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കൃത്യമായി ധനകാര്യ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും കൈയ്യില്‍ ഉണ്ടായിട്ടും എന്തിനാണ് ഈ ഇരട്ടി പണിയെന്നതാണ് ഉയരുന്ന ചോദ്യം.
റോഡ് അപകടങ്ങളുടെ വിവരങ്ങളെ കുറിച്ചും വിവരശേഖരണം വേണമെന്നാണ് പുതിയ നിര്‍ദ്ദേശം. റോഡ് അപകടം ഉണ്ടായ സമയം മുതല്‍ , അപകടത്തിന് കാരണമായ വാഹനം, അപകടം സംഭവിച്ച റോഡ് ദേശീയ പാതയോ സംസ്ഥാന പാതയോ എന്നിവയെല്ലാം വ്യക്തമാക്കണം. എന്തിനെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ വിവരങ്ങള്‍ പോലീസിന്റെ തന്നെ ഐ റാഡ് ആപ്ലിക്കേഷന്‍ വഴിയും, മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴിയും രേഖപ്പെടുത്തുന്നുണ്ട്. ഇതു കൂടാതെയാണ് രഹസ്യന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരോടും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.