ഏറ്റുമുട്ടല്‍ തുടരുന്ന ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ നിര്‍ണായക നീക്കവുമായി സൈന്യം. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്ന് ഡിജപിക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണം നടത്തിയത് പാക് ഭീകരരുടെ നിര്‍ദേശം അനുസരിച്ച് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. (Grenade attacks mark new wave of targeting in J&K sources reveal)
ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകര സാന്നിധ്യം വര്‍ദ്ധിച്ചുവെന്ന രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഇടപെടല്‍. സൈന്യവും ഭീകരവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കിഷ്ത്വാറില്‍ ഡിജിപി അടിയന്തരമായി എത്തി. മേഖലയിലെ ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്നായിരുന്നു നിര്‍ദേശം. വൈറ്റ് നൈറ്റ് കോപ്‌സ് കമാന്‍ഡര്‍ നവിന്‍ സച്‌ദേവ കിഷ്ത്വറില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി
കിഷ്ത്വാറില്‍ കഴിഞ്ഞദിവസം രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരന്‍ കൊലപ്പെടുത്തിയിരുന്നു. മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശ്രീനഗറിലെ ഞായറാഴ്ച മാര്‍ക്കറ്റില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ഭീകരരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ്. ഉസാമ യാസിന്‍, ഷെയ്ക്ക് ഉമര്‍ ഫയാസ് ഷെയ്ക്ക്, അഫ്‌നാന്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും ശ്രീനഗര്‍ സ്വദേശികളാണ്.