സർക്കാരിനും പാർട്ടിക്കും എതിരായ വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന്
വീഴ്ചയുണ്ടായെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശമുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹിന്ദു പത്രം തെറ്റ് തിരുത്തിയിട്ടും പ്രചാരവേലകൾ തുടരുന്നു. മുഖ്യമന്ത്രി കൃത്യമായി പറഞ്ഞതാണ്. പത്രത്തിൽ വന്ന അഭിമുഖം പിന്നീട് കൂട്ടി ചേർത്തതാണ്. പത്രം ഖേദം പ്രകടിപ്പിച്ചു, അപ്പോൾ തന്നെ വിവാദം അവസാനിക്കേണ്ടതായിരുന്നു. ഒരു പിആർ സംവിധാനവും സർക്കാരിന്റെ ഭാഗമായില്ല. മാധ്യമങ്ങൾ സംശയമുണ്ടാക്കുന്ന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.
സുബ്രഹ്മണ്യനുമായി മുഖ്യമന്ത്രിക്കും നല്ല അടുപ്പമുണ്ട്. നേരത്തെ ചിരിക്കുന്നില്ല എന്നായിരുന്നു പിണറായിക്കെതിരെയുള്ള വിമർശനം. ഇപ്പോൾ എന്തൊരു ചിരിയായിരുന്നു എന്നാണ് വിമർശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനം . ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. ആർ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പി ശശിക്കെതിരെ അൻവർ നൽകിയ കത്തിൽ കാതലായ ഒരു പ്രശ്നവുമില്ല.
അൻവർ തന്നെ അത് പുറത്തുവിട്ടതോടെ എല്ലാവർക്കും വ്യക്തമായി. ശശിയെ ബോധപൂർവ്വം അപമാനിക്കാൻ ആയിരുന്നു ശ്രമം. റിയാസിനെ അനുകൂലിച്ച് പോസ്റ്റിട്ട ആളാണ് അൻവർ.
ലീഗും എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും പാർലമെന്റ് തിരഞ്ഞെടുപ്പിൽ തുടങ്ങിയ വർഗീയ പ്രചാരണം ഇപ്പോഴും തുടരുന്നു. ബിജെപിക്ക് വളരാനുള്ള മണ്ണ് ഒരുക്കുകയാണ് ഇവർ ചെയ്യുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇടയിൽ ഉണ്ടാകേണ്ട ജനാധിപത്യ വളർച്ചയെ ഇവർ പ്രതിരോധിക്കുന്നു. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയെ വളർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്രം കേരളത്തിന് ആവശ്യമായ സഹായധനം നൽകിയില്ല. കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളത്. കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.