കേരളീയം പരിപാടി ഒഴിവാക്കി സര്‍ക്കാര്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കുന്നു എന്നാണ് വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പരിപാടി നടത്തേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞതവണ നവംബര്‍ ഒന്നു മുതല്‍ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് കഴിഞ്ഞ വര്‍ഷം പരിപാടി നടത്തിയിരുന്നത്. കേരളത്തെ ഒരു ബ്രാന്‍ഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകള്‍ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയെല്ലാമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാല്‍, പരിപാടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയധികം പണം ചെലഴിച്ച് എന്തിനാണ് ഇത്തരമൊരു പരിപാടി എന്നാണ് പ്രതിപക്ഷമുള്‍പ്പടെ ചോദിച്ചത്. പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനെയാണ് പരിപാടി നടത്തുന്നത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്‌പോണ്‍സര്‍ഷിപ്പ് വഴി എത്ര തുക കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.