വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് എത്തുന്ന വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഇനി മുതൽ പിടിവീഴും. വ്യാജ ഭീഷണികൾ തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. വ്യാജ ബോംബ് ഭീഷണിക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും. വ്യാജ ഭീഷണികൾക്ക് ഒരു സംഘടനയോ സ്ഥാപനമോ ഉത്തരവാദിയാണെങ്കിൽ, പിഴ ഒരു കോടി രൂപ വരെ നീട്ടാം.
ഒക്ടോബറിൽ നിരവധി വ്യാജ കോളുകൾ ഇതുമായി ബന്ധപ്പെട്ട് വന്നതിനെത്തുടർന്ന് പിഴ ഈടാക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം എയർക്രാഫ്റ്റ് (സുരക്ഷാ) ചട്ടങ്ങൾ 2023 ഭേദഗതി ചെയ്യുകയായിരുന്നു.
2024ൽ മാത്രം, ഏകദേശം 1,000 വ്യാജ ഭീഷണി സന്ദേശങ്ങളാണ് വിമാനത്താവളങ്ങളിൽ എത്തിയതെന്നാണ് ആഭ്യന്തര കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് അന്താരഷ്ട്ര വിമാനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടവും നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, തെറ്റായ ഭീഷണികൾ പുറപ്പെടുവിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് ഇപ്പോൾ കഠിനമായ ക്രിമിനൽ കുറ്റങ്ങൾക്കൊപ്പം 1 ലക്ഷം വരെ പിഴയും ലഭിക്കും. മാത്രമല്ല ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ ഒരു സ്ഥാപനമാണെങ്കിൽ പിഴ നേരിടേണ്ടി വരും. ചെറുകിട സ്ഥാപനങ്ങൾക്ക് 50 ലക്ഷം, ഇടത്തരം സ്ഥാപനങ്ങൾക്ക് 75 ലക്ഷം, വലിയ സ്ഥാപനങ്ങൾക്ക് 1 കോടി എന്നിങ്ങനെ നീളുന്നു പിഴ തുക.
അതേസമയം, തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സാഹചര്യം തടയാൻ ചില പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചിട്ടുണ്ട്. നേരത്തെ എത്തുന്ന എല്ലാ വ്യാജ ഭീഷണി സന്ദേശങ്ങളും അടിയന്തര നടപടികൾക്ക് പ്രേരിപ്പിച്ചിരുന്നു. അതായത് വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുന്നതുൾപ്പടെയുള്ള സംഭവങ്ങൾ. എന്നാൽ ഇപ്പോഴുള്ള പുതിയ പ്രോട്ടോക്കോൾ പ്രകാരം,എത്തിയത് വ്യാജ ഭീഷണി സന്ദേശമാണെന്ന് പരിശോധിച്ചുറപ്പിച്ചാൽ, വിമാനങ്ങൾ അടിയന്തര വഴിതിരിച്ചുവിടലുകൾക്ക് ഇടയാക്കില്ല, ഇത് സാമ്പത്തിക നഷ്ടവും യാത്രക്കാരുടെ അസൗകര്യവും കുറയ്ക്കാൻ സഹായകരമാകും.