ഇടുക്കിയെ മിടുക്കിയാക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ മലയാളത്തിന്റെ മോഹൻലാൽ. വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ജില്ലാ ഭരണകൂടവും ചേർന്നാണ് ’ഇടുക്കി ഒരു മിടുക്കി’ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി, കട്ടപ്പന അഞ്ചുരുളിയിൽ നിർമിച്ച ലൈബ്രറിയുടെ താക്കോൽദാനം ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ നടൻ മോഹൻലാൽ നിർവഹിച്ചു. വയോജനങ്ങൾക്കുള്ള ഡയപ്പർ വിതരണവും നടന്നു.ഇടുക്കി കളക്ടർ ഷീബാജോർജും സബ്കളക്ടർ അരുൺ എസ്.നായരും ചേർന്ന് ലൈബ്രറിയുടെ താക്കോൽ ഏറ്റുവാങ്ങി.
സമൂഹത്തിന് കൈത്താങ്ങാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.ഇടുക്കിയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനുമുൻപും വിശ്വശാന്തി ഫൗണ്ടേഷൻ നടത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി സ്‌കൂളിൽ ഇൻസിനേറ്റർ, ആദിവാസി ഊരുകളിൽ സോളാർ വിളക്കുകൾ തുടങ്ങിയവ ഇവയിൽ ചിലതാണ്.
അടിമാലിയിലെ വില്ലേജ് നോളജ് സെന്റർ വഴി ഊരുകളിലെ യുവാക്കൾക്ക് വിദ്യാഭ്യാസസഹായവും പരിശീലനവും നൽകാനായെന്നും മോഹൻലാൽ പറഞ്ഞു.വിശ്വശാന്തി ഫൗണ്ടേഷനേക്കുറിച്ച്, സംവിധായകനും എം.ഡി.യുമായ മേജർ രവി വിശദീകരിച്ചു.