എജുക്കേഷൻ വേൾഡ് ഗ്ലോബൽ സ്കൂൾ റാങ്കിങ്ങിൽ ഖത്തറിലെ മികച്ച ഇന്ത്യൻ സ്‌കൂൾ എന്ന അഭിമാന നേട്ടം സ്വന്തമാക്കി പൊഡാർ പേൾ സ്കൂൾ.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 4000ത്തിൽ ഏറെ ഇന്ത്യൻ സ്കൂളുകളിൽ സർവേ നടത്തിയാണ് എജുക്കേഷൻ വേൾഡ് റാങ്കിങ് തയാറാക്കുന്നത്. ഈ പട്ടികയിലാണ് പൊഡാർ പേൾ സ്കൂൾ ഖത്തറിൽ ഒന്നാമതെത്തിയത്. പഠന സൗകര്യങ്ങളും പഠന നിലവാരവും പരിഗണിച്ചാണ് അംഗീകാരം.
പഠന മേഖലയിലെ മികവും, അടിസ്ഥാന സൗകര്യങ്ങളുടെ ലോകോത്തര നിലവാരവും, അത്യാധുനിക അധ്യാപന സാങ്കേതിക വിദ്യകളും പിന്തുടരുന്ന പൊഡാറിന്റെ മികവിനുള്ള അംഗീകാരം കൂടിയാണ് ആഗോള റാങ്കിങ് പട്ടികയിലെ നേട്ടം. ത്രീഡി പ്രിന്റിങ് ലാബ്, സ്പോർട്സിലും കായിക വിദ്യാഭ്യാസത്തിലുമുള്ള മികവ്, വിശാലമായ സ്പോർട്സ് കോംപ്ലക്സ് എന്നിവ പൊഡാറിന്റെ സവിശേഷതയാണ്.
ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് അംഗീകാരമെന്ന് പൊഡാർ സ്കൂൾ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൾ, സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ എന്നിവർ പറഞ്ഞു. സ്കൂൾ ജീവനക്കാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഗ്ലോബൽ റാങ്കിങ് പട്ടികയിലെ നേട്ടമെന്ന് ഡോ. മനീഷ് മംഗൾ പറഞ്ഞു.