
മൈതാനത്തേക്ക് നടന്നുകയറി ഗോള്‍ഫ് കളി തടസപ്പെടുത്തിയ മുതലിനെ കണ്ട് കളിക്കാരും കാണാനെത്തിയവരും അന്തംവിട്ടുനില്‍ക്കുകയാണ്. തിങ്കളാഴ്ച അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയായിരുന്നു ഉദ്വോഗജനകമായ സംഭവം. സമീപത്തെ തോട്ടില്‍ നിന്ന് പുല്‍ത്തകിടിയിലേക്ക് കയറിയ മുതല നിസ്സംഗതയോടെ മൈതാനത്തിന് കുറകെ നടക്കുകയാണ്. കിയാവ ദ്വീപിലെ ദി റിവര്‍ ഗോള്‍ഫ് കോഴ്സില്‍ ബാരിയര്‍ ഐലന്‍ഡ്സ് സൗജന്യ മെഡിക്കല്‍ ക്ലിനിക്കിന്റെ പത്താമത് വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെലിബ്രിറ്റി ഗോള്‍ഫ് ഇന്‍വിറ്റേഷന്‍ടൂര്‍ണമെന്റിനിടെയെത്തിയ മുതലയുടെ ഫോട്ടോയും വീഡിയോകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മുതല കളിക്കാരുടെ അടുത്തേക്ക് വരുന്നതിനിടെ പലരും ഗോള്‍ഫ് വണ്ടികളില്‍ ചാടിക്കയറി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു. കിയാവ ദ്വീപിലെ ഗോള്‍ മൈതാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ളതായി കിയാവ ഐലന്‍ഡ് ക്ലബ്ബ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. മുതലകള്‍ പലപ്പോഴും മൈതാന മധ്യത്തിലൂടെ നടന്ന് സമീപത്തെ കുളങ്ങളിലേക്ക് മടങ്ങാറുണ്ടെന്ന്് ഇദ്ദേഹം അറിയിച്ചു. ഭീമന്‍ മുതലെ വളരെ മെല്ലെ സമയമെടുത്ത് പച്ചപ്പിലൂടെ കടന്നുപോയി തോടിനകിലായി ഉയര്‍ന്നുനില്‍ക്കുന്ന വലിയ പുല്ലുകള്‍ക്കിടയില്‍ അപ്രത്യക്ഷമായി. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റും മുതല തടസ്സപ്പെടുത്തിയിരുന്നു.