ടി20 ലോകകപ്പ് ഫൈനില്‍ ശനിയാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. കാനഡക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. അമേരിക്കയില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളിലും ഒരു ടീമുമായി ഇറങ്ങിയ ഇന്ത്യ സൂപ്പര്‍ 8 പേരാട്ടങ്ങള്‍ക്ക് വേദിയായ വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. പിന്നീട് സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനിലും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറായിട്ടില്ല.
ഈ സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സൂപ്പര്‍ 8ല്‍ ഓസ്ട്രേലിയക്കെതിരെയും സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ശിവം ദുബെക്ക് പകരം മധ്യനിരയില്‍ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് മലയാളികളുടെ ആകാംക്ഷ.
എന്നാല്‍ ടീം മാനേജ്മെന്‍റിന്‍റെ നിലപാട് കണക്കിലെടുത്താല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ തയാറാവില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ വിരാട് കോലി റണ്ണടിച്ചിട്ടില്ലെങ്കിലും യശസ്വി ജയ്സ്വാൾ നാളെയും കരക്കിരുന്ന് കളി കാണും. സെമിയില്‍ മൂന്നാം നമ്പറില്‍ റിഷഭ് പന്തിന്‍റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല. എങ്കിലും പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഉറപ്പായും പ്ലേയിംഗ് ഇലവനിലുണ്ടാകും.
ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ശിവം ദുബെ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനെത്തും. ഇതോടെ സഞ്ജു സാംസണ് ഒരു മത്സരത്തിലെങ്കിലും കളിക്കാനുള്ള അവസാന അവസരവും നഷ്ടമാവും. ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവര്‍ തന്നെയാകും ബാറ്റിംഗ് നിരയില്‍ പിന്നീട് ഇറങ്ങുക. മിന്നും ഫോമിലുളള കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമാകും ബൗളിംഗ് നിരയില്‍.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലിലുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.