മിക്സഡ് സ്കീറ്റ് ടീം ഇനത്തില്‍ നാലാം സ്ഥാനം കൊണ്ട് ഇന്ത്യന്‍ ടീമിന് തൃപ്തിപ്പെടേണ്ടിവന്നു
പാരിസ് ഒളിംപിക്സിലെ ഷൂട്ടിംഗില്‍ മിക്സഡ് സ്കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് വെങ്കല മെഡല്‍ നഷ്ടം. വെറും ഒരു പോയിന്റിനാണ് ഇന്ത്യയുടെ തോല്‍വി. വെങ്കലപ്പോരാട്ടത്തില്‍ മഹേശ്വരി ചൗഹാനും ആനന്ദ്ജീത് സിംഗ് നാരുകയും ചൈനീസ് ജോഡിയോട് 44-43ന് തോറ്റു. സ്കോര്‍: ചൈന-44/48, ഇന്ത്യ- 43/48. ഈയിനത്തില്‍ നാലാം സ്ഥാനം കൊണ്ട് ഇന്ത്യന്‍ ടീമിന് തൃപ്തിപ്പെടേണ്ടിവന്നു.
നേരത്തെ, ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്റുകളുമായാണ് മഹേശ്വരി ചൗഹാനും ആനന്ദ്ജീത് സിംഗും വെങ്കല മെഡല്‍ പോരാട്ടം ഉറപ്പിച്ചത്. മഹേശ്വരി 74 ഉം, ആനന്ദ്ജീത് 72 ഉം പോയിന്റുകള്‍ വീതം കരസ്ഥമാക്കിയിരുന്നു. ഇറ്റലി (149), അമേരിക്ക (148), ചൈന (146) ടീമുകളാണ് ഇന്ത്യക്ക് മുകളില്‍ യഥാക്രമം ആദ്യ മൂന്ന് പോയിന്റ് സ്ഥാനങ്ങളിലെത്തിയത്.