താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്ന ആളല്ല ഗില്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എല്ലായ്പ്പോഴും സന്നദ്ധനാണ്.
ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റിയതില്‍ അത്ഭുതമില്ലെന്ന് ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്റ. ടി20 ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക്കിന് പകരം ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ച പാണ്ഡ്യക്ക് പകരം സൂര്യകുമാര്‍ യാദവിനെയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റനാക്കിയത്.
എന്നാല്‍ ഹാര്‍ദ്ദിക്കിനെ മാറ്റിയതില്‍ തനിക്ക് അത്ഭുതമില്ലെന്നും ഇതൊക്കെ ക്രിക്കറ്റില്‍ സാധാരണഗതിയില്‍ നടക്കുന്നതാണെന്നും ആശിഷ് നെഹ്റ പറഞ്ഞു. ഹാര്‍ദ്ദിക് ലോകകപ്പില്‍ വൈസ് ക്യാപ്റ്റനായിരുന്നു എന്നത് ശരിയാണ്. പക്ഷെ ലോകകപ്പിനുശേഷം പുതിയ പരിശീലകന്‍ ചുമതലയേറ്റു. ഓരോ ക്യാപ്റ്റനും കോച്ചും വ്യത്യസ്തമായിട്ടായിരിക്കും ചിന്തിക്കുക. ഗംഭീറിന്‍റെ ചിന്ത വേറെ ദിശയിലായിരുന്നു.
അതെന്തായാലും ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ഹാര്‍ദ്ദിക്കിനോട് കാര്യങ്ങള്‍ വിശദീകരിച്ചത് നന്നായി. ഹാര്‍ദ്ദിക് ഒരു ഫോര്‍മാറ്റിൽ മാത്രമാണ് കളിക്കുന്നത്, വല്ലപ്പോഴും ഏകദിന ക്രിക്കറ്റിലും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് ഇപ്പോഴും ടീമിലെ നിര്‍ണായക താരമാണ്. ഹാര്‍ദ്ദിക്കിന്‍റെ സാന്നിധ്യം നാലു പേസർമാരുടെ ഗുണം ചെയ്യും. ടീമിന്‍റെ സന്തുലനത്തിനും അത് നല്ലതാണ്. കാരണം, രാജ്യാന്തര ക്രിക്കറ്റില്‍ ഇംപാക്ട് പ്ലേയര്‍ നിയമമില്ലല്ലോ. ഹാര്‍ദ്ദിക്കിനെ മാത്രമല്ലല്ലോ പരിഗണിക്കാതിരുന്നത്, കെ എല്‍ രാഹുലും റിഷഭ് പന്തും മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍മാരും വൈസ് ക്യാപ്റ്റൻമാരുമായിട്ടുണ്ടെന്നും ആശിഷ് നെഹ്റ ഇന്ത്യ ടുഡേയോട് പറഞ്ഞു.
മൂന്ന് ഫോര്‍മാറ്റിലും ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെയും ആശിഷ് നെഹ്റ സ്വാഗതം ചെയ്തു. ഗില്ലിന് 24-25 വയസെ ആയിട്ടുള്ളു. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ താല്‍പര്യമുള്ള താരമാണ് ഗില്‍. താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്ന ആളല്ല ഗില്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ എല്ലായ്പ്പോഴും സന്നദ്ധനാണ്. യുവതാരമെന്ന നിലയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പഠിക്കാനും തയാറുള്ള കളിക്കാരനാണ് ഗില്ലെന്നും ആശിഷ് നെഹ്റ പറഞ്ഞു.