ഇന്ത്യൻ പേസര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോഴൊക്കെ പാകിസ്ഥാന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തുന്നത് പതിവാണെന്നും ഷമി
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്‍റെ അടുത്ത സുഹൃത്തുക്കള്‍ വിരാട് കോലിയും ഇഷാന്ത് ശര്‍മയുമാണെന്ന് ഇന്ത്യൻ താരം മുഹമ്മദ് ഷമി. തനിക്ക് പരിക്കേല്‍ക്കുമ്പോൾ വിളിച്ച് ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും വിശദാംശങ്ങള്‍ തിരക്കുന്നതും അവര്‍ രണ്ടുപേരുമാണെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം കണങ്കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി കഴിഞ്ഞ ദിവസമാണ് നെറ്റ്സില്‍ ബൗളിംഗ് പരിശീലനം തുടങ്ങിയത്.
ഇന്ത്യൻ പേസര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോഴൊക്കെ പാകിസ്ഥാന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ഉയര്‍ത്തുന്നത് പതിവാണെന്നും ഷമി പറഞ്ഞു. ലോകകപ്പില്‍ ഞാന്‍ ഏറ്റവും കടുതല്‍ വിക്കറ്റെടുത്ത ബൗളറായപ്പോള്‍ കൂടുതല്‍ സ്വിംഗ് ലഭിക്കാന്‍ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് ഐസിസി പ്രത്യേക പന്ത് നല്‍കിയെന്നും പന്തില്‍ ചിപ്പ് ഉണ്ടെന്നും വരെ പാകിസ്ഥാന്‍ താരങ്ങള്‍ പറഞ്ഞു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ മത്സരങ്ങളിലെ പന്ത് എന്‍റെ വീട്ടില്‍ ഇപ്പോഴുമുണ്ട്. ഒരു പൊതുവേദിയില്‍ വെച്ച് പന്ത് കീറിമുറിച്ച് അവര്‍ക്ക് പരിശോധിക്കാം. ഇന്ത്യൻ പേസര്‍മാര്‍ മികച്ച പ്രകടനം നടത്തുമ്പോഴെല്ലാം പാകിസ്ഥാന്‍ താരങ്ങള്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്തുവരുന്നത് പതിവാണെന്നും ഷമി പറഞ്ഞു.
ടി20 ലോകകപ്പ് നേടത്തില്‍ പങ്കാളിയാവാന്‍ കഴിയാഞ്ഞതില്‍ നിരാശയുണ്ടെങ്കിലും സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും നേട്ടത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷമി പറഞ്ഞു. ലോകകപ്പ് കിരീടം അവര്‍ അർഹിച്ചിരുന്നു. അവസാന 30 പന്തില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 30 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ഞാനും ഇത്തവണയും ഭാഗ്യം നമുക്കൊപ്പമില്ലെന്നാണ് കരുതിയത്. എന്നാല്‍ ഇത്തവണ ഭാഗ്യം നമ്മെ തുണച്ചുവെന്നും ഷമി പറഞ്ഞു.
തുടര്‍ച്ചയായി 10 ജയങ്ങളുമായി ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിയപ്പോള്‍ ഇന്ത്യയെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ആദ്യ പത്തോവറില്‍ തന്നെ നമ്മള്‍ 80 റണ്‍സിലെത്തിയപ്പോള്‍ ആത്മവിശ്വാസം കൂടി. എന്നാല്‍ പിന്നീടെല്ലാം തകിടം മറിഞ്ഞുവെന്നും ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും കൂട്ടുകെട്ട് ഉണ്ടാവുന്നതുവരെ ഇന്ത്യ തോല്‍ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷമി പറഞ്ഞു. സെപ്റ്റംബറില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷമി ഇന്ത്യൻ ടീമില്‍ തിരിച്ചെച്ചുമെന്നാണ് കരുതുന്നത്.