ടി20 ലോകകപ്പില്‍ ഇത്തവണ മത്സരിച്ച ടീമുകളുടെയെല്ലാം കൂടെ പന്ത്രണ്ടാമനായി ഉണ്ടായിരുന്നത് മഴയായിരുന്നു. പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് വേദിയായ ലോകകപ്പ് മത്സരങ്ങളില്‍. മഴ മൂലം പാകിസ്ഥാൻ അടക്കമുള്ള ചില ടീമുകളുടെ സൂപ്പര്‍ 8 പ്രവേശനം പോലും വെള്ളത്തിലായി. അവസാനം ഗയാനയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിലും മഴ പലതവണ വില്ലനായി എത്തിയെങ്കിലും മത്സരഫലത്തെ അത് കാര്യമായി സ്വാധീനിച്ചില്ല.
ഈ സാഹചര്യത്തില്‍ ബുധനാഴ്ച ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് മഴ ഭീഷണിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. മഴമൂലം ശനിയാഴ്ച മത്സരം നടക്കാത്ത സാഹചര്യമുണ്ടായാലും റിസര്‍വ് ദിനമുള്ളതിനാല്‍ ഞായറാഴ്ച മത്സരം പൂര്‍ത്തിയാകും.
ഉഷ്ണമേഖലാ കൊടുങ്കാറ്റിന്‍റെ സ്വാധീനത്തില്‍ ബാര്‍ബഡോസ് ദ്വീപിലെ ബ്രിഡ്ജ്ടൗണിന്‍റെ പലഭാഗങ്ങളിലും ശനിയാഴ്ച മുഴവന്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങുക. ബ്രിഡ്ജ്ടൗണിൽ പകല്‍ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 46 ശതമാനമുണ്ടെന്നാണ് അക്യുവെതറിന്‍റെ പ്രവചനം. ഇതിന് പുറമെ ആകാശം മേഘാവൃതമായിരിക്കുമെന്നും 46 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും അക്യുവെതര്‍ പ്രവചിക്കുന്നു.
മത്സരം തുടങ്ങുന്ന രാവിലെ 10.30ന് 29 ശതമാനം മഴസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 12 മണിയാവുമ്പോള്‍ ഇത് 35 ശതമാവും ഒരു മണിയോടെ 51 ശതമാനവും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. മത്സരത്തിന് മുമ്പും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് പ്രവചമുള്ളതിനാല്‍ ടോസ് വൈകാനും സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ബ്രിഡ്ജ്ടൗണില്‍ ഇടവിട്ട് മഴ പെയ്തിരുന്നു.
ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങള്‍ക്ക് വേദിയായ ബാര്‍ബഡോസില്‍ സ്കോട്‌ലന്‍ഡ്-ഇംഗ്ലണ്ട് മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8ല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ മത്സരം കളിച്ചത് ബാര്‍ബഡോസിലായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ആദ്യമായാണ് ബാര്‍ബഡോസില്‍ കളിക്കാനിറങ്ങുന്നത്.