അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ആറ് ടീമുകളും 13 മത്സരങ്ങളുമാണുണ്ടാവുക
ഇന്ത്യ പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് അടുത്ത വര്‍ഷം വേദിയാകും. 2025ല്‍ ട്വന്‍റി 20 ഫോര്‍മാറ്റിലാണ് ഇന്ത്യയില്‍ ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യ സഹആതിഥേയരായ 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായാണ് ടൂര്‍ണമെന്‍റ് നടക്കുക. 2023ലെ ഏഷ്യാ കപ്പിന് പാകിസ്ഥാനായിരുന്നു വേദിയെങ്കിലും ശ്രീലങ്കയിലും മത്സരങ്ങള്‍ നടന്നിരുന്നു. അതേസമയം 2027ലെ ഏകദിന ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റിന് ബംഗ്ലാദേശ് ആതിഥേയത്വമരുളും. 2027ല്‍ തന്നെ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടക്കാനുണ്ട്.
അടുത്ത വര്‍ഷത്തെ ട്വന്‍റി 20 ഏഷ്യാ കപ്പില്‍ ആറ് ടീമുകളും 13 മത്സരങ്ങളുമാണുണ്ടാവുക. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്ക് പുറമെ ഒരു ടീം യോഗ്യതാ റൗണ്ട് കളിച്ച് ഏഷ്യാ കപ്പിന് യോഗ്യത നേടും. ടി20 ഏഷ്യാ കപ്പിന്‍റെ വേദികളും സമയവും ഇതുവരെ പുറത്തുവന്നിട്ടില്ല. വേദികള്‍ ബിസിസിഐ സ്ഥിരീകരിക്കുന്നതേയുള്ളൂ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മണ്‍സൂണ്‍ അവസാനിച്ചതിന് ശേഷം സെപ്റ്റംബര്‍ മാസമാകും ഇന്ത്യയില്‍ ഏഷ്യാ കപ്പ് നടക്കുക എന്നാണ് സ്പോര്‍ട്‌സ് സ്റ്റാറിന്‍റെ റിപ്പോര്‍ട്ട്.
2025ല്‍ ടീം ഇന്ത്യക്ക് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരകളും ഇതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും കളിക്കേണ്ടതുണ്ട്. ഇതിന് ശേഷം നടക്കുന്ന ഐപിഎല്ലും കഴിഞ്ഞ് ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഇംഗ്ലണ്ട് പര്യടനവും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വൈറ്റ് ബോള്‍ പരമ്പരയ്ക്കായി ടീം ബംഗ്ലാദേശിലേക്ക് പോകും. ഈ പര്യടനത്തിന് ശേഷമാകും ഏഷ്യാ കപ്പിന് ഇന്ത്യ ആതിഥേയത്വമരുളാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയെങ്കില്‍ ഒക്ടോബറില്‍ വിന്‍ഡീസിന് എതിരെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഏഷ്യാ കപ്പ് അവസാനിക്കും.