ആദ്യമത്സരത്തിലെ ഗോളില്ലാ നിരാശയെ മറിക്കടക്കാനുറച്ച് ആദ്യമിനിറ്റുകള്‍ മുതല്‍ പരാഗ്വാക്കെതിരെ ആക്രമിച്ച് കളിച്ച ബ്രസീലിന് 4-1 ന്റെ ആധികാരിക വിജയം. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ രണ്ട് ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പക്വീറ്റ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും മറ്റൊന്ന് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ബ്രസീല്‍ താരത്തിനെ ചിവിട്ടിയതിന് പരാഗ്വാ താരം റെഡ് കാര്‍ഡ് കണ്ട മത്സരം അടിമുടി ആവേശകരമായിരുന്നു. 35-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ആണ് ബ്രസീലിനായി ആദ്യം ലക്ഷ്യം കണ്ടത്.
ഗോള്‍ വന്ന വഴി
പരാഗ്വാ ഗോള്‍മുഖത്ത് വെച്ച് ലുക്കാസ് പക്വേറ്റയില്‍ നിന്ന് പന്ത് സ്വീകരിച്ച വിനീഷ്യസ് ബോക്‌സിലേക്ക് കയറി അവസാന പ്രതിരോധനിര താരത്തെയും കബളിപ്പിച്ചായിരുന്നു ഗോള്‍.
ആക്രമണം തുടര്‍ന്ന് കൊണ്ടിരുന്ന ബ്രസീല്‍ സൈഡില്‍ നിന്ന് അധികം വൈകാതെ രണ്ടാമത്തെ ഗോളും വന്നു. 43-ാം മിനിറ്റില്‍ സാവിയോ ആണ് വല കുലുക്കിയത്.
ഗോള്‍ വന്ന വഴി
റയല്‍ മാഡ്രിഡ് അറ്റാക്കര്‍ റോഡ്രിഗോ സില്‍വയുടെ കനത്ത ഷോട്ട് പരാഗ്വാ കീപ്പര്‍ മൊറിനിഗോ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിലൂടെ പന്ത് തിരികെ പോസ്റ്റിന് അഭിമുഖമായി എത്തി. പരാഗ്വായ് വലത് വിങ് പ്രതിരോധ നിരതാരം മറ്റിയസ് എസ്പിനോസ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ കൃത്യമായി ക്ലിയര്‍ ചെയ്യാന്‍ കഴിയാത്ത പന്ത് പോസ്റ്റിന്റെ ഇടതു ഭാഗത്ത് നിലയുറപ്പിച്ച സാവിയോക്ക് ലഭിക്കുന്നു. അടുത്ത സെക്കന്റില്‍ തന്നെ അദ്ദേഹം അത് അനായാസം ഗോള്‍വര കടത്തി.
ആദ്യ പകുതിക്കായി ലഭിച്ച ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലായിരുന്നു കാനറികളുടെ മൂന്നാം ഗോള്‍. ഇത്തവണയും വിനീഷ്യസായിരുന്നു ലീഡ് എടുത്തത്.
ഗോള്‍ വന്ന വഴി
പരാഗ്വാ പ്രതിരോധക്കാരന്റെ പിഴവ് മുതലെടുത്തായിരുന്നു മൂന്നാംഗോള്‍. പരാഗ്വാ ബോക്‌സിനുള്ളില്‍ ഒമര്‍ ആല്‍ഡെറെറ്റില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ റോഡ്രിഗോ ശ്രമിക്കുന്നു. ഇതിനിടയില്‍ ആല്‍ഡെറെറ്റ് പന്ത് ക്ലിയര്‍ ചെയ്യാന്‍ താമസിച്ചതും കുതിച്ചുകയറി വന്ന വിനീഷ്യസ് പന്ത് പോസ്റ്റിനുള്ളിലേക്ക് അടിച്ച് കയറ്റി.
ബ്രസീല്‍ മൂന്ന് ഗോളിന് മുന്നില്‍ നില്‍ക്കവെ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പരഗ്വോ മറുപടി ഗോള്‍ നേടി. നേരത്തെ തന്റെ പിഴവില്‍ വന്ന ഗോളിന്റെ കടം ഈ ഒരു മനോഹരമായ ഗോളിലൂടെ തീര്‍ത്തെന്നു പറയാം.
ഗോള്‍ വന്ന വഴി
പരാഗ്വാ പ്രതിരോധക്കാരന്‍ ഒമര്‍ ആല്‍ഡെറെറ്റെയാണ് പരാഗ്വയ്ക്ക് വേണ്ടി ഒരു ഗോള്‍ മടക്കിയത് ബ്രസീല്‍ ബോക്സിന് പുറത്ത് നെഞ്ചില്‍ നിയന്ത്രിച്ച പന്ത് ഒരു തകര്‍പ്പന്‍് വോളിയിലൂടെ പോസ്റ്റിലേക്ക് പായിച്ചു. ബ്രസീല്‍ കീപ്പര്‍ അലിസണ്‍ ബക്കര്‍ പന്ത് തടയാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വര കടന്നു പോയിരുന്നു.
51-ാം മിനിറ്റില്‍ പരഗ്വേ രണ്ടാം ഗോളും നേടുമെന്ന് തോന്നിച്ച മറ്റൊരു വോളി പക്ഷേ ബ്രസീല്‍ കീപ്പര്‍ മികച്ച സേവില്‍ പുറത്തേക്ക് പായിച്ചു. ഇത്തവണ ജൂലിയോ എന്‍സിസോ ആണ് ഷോട്ട് ഉതിര്‍ത്തത്. എന്നാല്‍ അലിസണിന്റെ നെടുനീളന്‍ സേവ് ബ്രസീലിന്റെ രക്ഷക്കെത്തി. കോര്‍ണര്‍ വഴങ്ങിയെങ്കിലും അലിസന്റെ ഡൈവ് കണ്ട് പരാഗ്വായുടെ ന്യൂകാസില്‍ താരം മിഖേയല്‍ അല്‍മിറോണ്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.