
‘തോല്‍വിയിലേക്ക് എത്തിച്ച പിഴവുകള്‍ സഹോദരന്‍ ഹര്‍ദിക് പാണ്ഡ്യയോട് ബോധ്യപ്പെടുത്തുകയും ആശ്വാസിപ്പിക്കുകയുമാണ് ക്രുണാല്‍ പാണ്ഡ്യ’. എല്ലാം അംഗീകരിക്കുന്നുവെന്ന മട്ടില്‍ തലയാട്ടി മൈതാനത്ത് റിലാകസ് ചെയ്യുകയാണ് ഹര്‍ദിക്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സര തോല്‍വിക്ക് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ് മേല്‍പ്പറഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍. കണ്ടാല്‍ ഒറിജിനല്‍ ആണെന്ന് തോന്നിക്കുന്ന തരത്തില്‍ ക്രിയേറ്റ് ചെയ്ത 16 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോയിലാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് കൗതുകം പകരുന്ന രംഗമുള്ളത്. മുംബൈ ഇന്ത്യന്‍സ് (എംഐ)ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ സഹോദരനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഓള്‍റൗണ്ടറുമായ ക്രുണാല്‍ പാണ്ഡ്യയുമായി ഗ്രൗണ്ടില്‍ ആനിമേറ്റഡ് ചാറ്റില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
തിങ്കളാഴ്ച മുംബൈ ഇന്ത്യന്‍സും ബെംഗളുരുവും തമ്മില്‍ നടന്ന മത്സരത്തില്‍ സഹോദരന്മാര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ ഹാര്‍ദികിന്റെ ടീമായ മുംബൈ പന്ത്രണ്ട് റണ്‍സിന് ക്രുണാലിന്റെ ടീം ബെംഗളുരുവിനോട് പരാജയപ്പെടുകയായിരുന്നു. അവസാന ഓവറില്‍ 19 റണ്‍സ് പ്രതിരോധിച്ച ക്രുണാല്‍ നമാന്‍ ധീര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍ എന്നിവരെ പുറത്താക്കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തിലേക്ക് നയിച്ച ഈ വിക്കറ്റ് വേട്ട ക്രുണാല്‍ നടത്തിയപ്പോള്‍ മുംബൈ അവരുടെ നാലാം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അതും സ്വന്തം നാട്ടില്‍. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്. രണ്ട് വിക്കറ്റ് നേടിയ സീം-ബൗളിംഗ് ഓള്‍റൗണ്ടര്‍ പതിനഞ്ച് ബോള്‍ നേരിട്ടപ്പോള്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 42 റണ്‍സ് എടുത്തിരുന്നു.