മറ്റ് രാജ്യങ്ങളിലേയ്ക്ക് നോക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണെന്ന് ആദ്യം പരിശോധിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി നടത്തിയ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. ലോകത്ത് മുസ്ലീങ്ങൾ കഷ്ടത അനുഭവിക്കുന്ന സ്ഥലങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്തി അലി ഖമേനി പങ്കുവെച്ച ട്വീറ്റ് വിവാദമായിരുന്നു. ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ തെറ്റിധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയെ ശക്തമായി അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മറ്റുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തെ സ്ഥിതി ആദ്യം പരിശോധിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് അലി ഖമേനി പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇസ്ലാമിന്റെ ശത്രുക്കളെ കുറിച്ച് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. തുടർന്ന് അവസാന ഭാഗത്താണ് ഇന്ത്യയുടെ പേര് പരാമർശിച്ചിരിക്കുന്നത്. ‘മ്യാൻമറിലോ, ഗാസയിലോ, ഇന്ത്യയിലോ, മറ്റേതെങ്കിലും സ്ഥലത്തോ ഒരു മുസ്ലീം അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ശ്രദ്ധിക്കാതെ പോയാൽ നമുക്ക് സ്വയം മുസ്ലീമായി കണക്കാക്കാനാവില്ല’ എന്നായിരുന്നു അലി ഖമേനിയുടെ വാക്കുകൾ.
ഇതാദ്യമായല്ല ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അലി ഖമേനി പ്രതികരിക്കുന്നത്. നേരത്തെ, 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെയും അലി ഖമേനി രംഗത്തെത്തിയിരുന്നു. കശ്മീരിലെ മുസ്ലീങ്ങളുടെ അവസ്ഥയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം കശ്മീരിൽ മുസ്ലീങ്ങൾ നേരിടുന്ന ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും ഇന്ത്യൻ സർക്കാർ തടയിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.