വടി കൊണ്ട് റെയിൻകോട്ട് എടുക്കാനായി പിന്നെയുള്ള ശ്രമം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റെയിൻകോട്ട് എങ്ങനെയെങ്കിലും താഴെ എത്തിക്കാനുള്ള ശ്രമം കാണാം.
മഴയൊക്കെയല്ലേ? പുറത്ത് പോകുമ്പോൾ ഒരു റെയിൻകോട്ട് കരുതുന്നത് വളരെ നല്ലതാണ്. ഇനി അഥവാ നമ്മുടെ സുഹൃത്തുക്കൾക്കോ കാമുകനോ കാമുകിക്കോ ഒന്നും റെയിൻകോട്ടില്ലെങ്കിൽ അത് നൽകുന്നതിലും തെറ്റ് പറയാനാവില്ല. എന്നാൽ, മുംബൈയിൽ ഇങ്ങനെയൊരു റെയിൻകോട്ട് കാരണം വൻ പൊല്ലാപ്പാണ് ഉണ്ടായത്. ഇതിന്റെ പേരിൽ ട്രെയിൻ വൈകിയത് അര മണിക്കൂറാണ്!
മുംബൈയിലെ ചർച്ച്‌ഗേറ്റ് റെയിൽവേ സ്‌റ്റേഷനിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കനത്ത മഴയായതിനാൽ തന്നെ വലിയ ബുദ്ധിമുട്ടിലായിരുന്നു ഇവിടെ ആളുകൾ. അതേസമയത്ത് തന്നെയാണ് സുഹൃത്തായ യുവതിയെ സഹായിക്കാൻ ഒരു യുവാവ് ചെയ്ത ഒരു ചെറിയ കാര്യം കൊണ്ട് ട്രെയിനും ബ്ലോക്കായി ആകെ പ്രശ്നമായത്. യുവാവും സുഹൃത്തായ യുവതിയും സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. യുവാവ് രണ്ടാമത്തെ പ്ലാറ്റ്‍ഫോമിലും യുവതി മൂന്നാമത്തെ പ്ലാറ്റ്‍ഫോമിലുമാണുണ്ടായിരുന്നത്.
ആ സമയത്ത് യുവതിക്ക് ഒരു പ്ലാറ്റ്ഫോമിൽ നിന്നും മറ്റേ പ്ലാറ്റ്ഫോമിലേക്ക് റെയിൻകോട്ട് എറിഞ്ഞു കൊടുക്കുകയായിരുന്നു യുവാവ്. പക്ഷേ, റെയിൻകോട്ട് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയില്ല. പകരം, പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിലെ റെയിൽവേ ലൈനുകൾക്കൊപ്പം പരന്നുകിടക്കുന്ന ഇലക്ട്രിക് വയറിൽ കുടുങ്ങുകയായിരുന്നു. അതോടെ, പണി പാളി. ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന ആളുകളെല്ലാം അവിടെയെത്തി. ആ സമയത്ത് ഉദ്യോഗസ്ഥർ വൈദ്യുതിബന്ധവും വിച്ഛേദിച്ചു.
വടി കൊണ്ട് റെയിൻകോട്ട് എടുക്കാനായി പിന്നെയുള്ള ശ്രമം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റെയിൻകോട്ട് എങ്ങനെയെങ്കിലും താഴെ എത്തിക്കാനുള്ള ശ്രമം കാണാം. ഒടുവിൽ ഏകദേശം അരമണിക്കൂറാണെടുത്താണത്രെ റെയിൻകോട്ട് അവിടെ നിന്നും മാറ്റിയത്. അത്രയും നേരം തീവണ്ടികൾ വൈകി. ഈ പൊല്ലാപ്പുകൾക്ക് കാരണം യുവാവ് റെയിൻകോട്ട് എറിഞ്ഞതാണല്ലോ? അതുകൊണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.