ശ്രീകലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. നാട്ടുകാരോ ബന്ധുക്കളോ പൊലീസോ പോലും കാര്യമായ അന്വേഷണം നടത്തിയില്ല.
സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന വാർത്ത കാട്ടു തീപോലെയാണ് ഇരമത്തൂർ ഗ്രാമത്തിൽ പടർന്നത്. ആ വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. സംഭവം അറിഞ്ഞ് വൻ ജനക്കൂട്ടമാണ് കണ്ണമ്പള്ളിൽ വീട്ടിൽ എത്തിയത്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് രണ്ടാം വാർഡ് പരേതരായ ചെല്ലപ്പൻ ചന്ദ്രിക ദമ്പതികളുടെ മകളായ ശ്രീകലയുടെ തിരോധാനത്തിലെ ദുരൂഹതയാണ് ഒടുവിൽ മറനീക്കിയത്.
15 വർഷം മുമ്പു നടന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത് പൊലീസിന് ലഭിച്ച ഒരു ഊമ കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്. ശ്രീകലയുടെ ഭർത്താവായ അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടത്തൽ. നിലവിൽ ഇസ്രായിലിലാണ് അനിലുള്ളത്. കണ്ണമ്പള്ളിൽ അനിലും ശ്രീകലയും ഇഷ്ടത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ അനിലിന്റെ വീട്ടുകാരും ബന്ധുക്കളും എതിർത്തിരുന്നു. എതിർപ്പുകളെ അതിജീവിച്ചാണ് 2007ൽ ഇവർ വിവാഹിതരായത്. അനിലിന്റെ വീട്ടിൽ ശ്രീകലയെ താമസിപ്പിക്കാൻ വീട്ടുകാർ തയ്യാറായില്ല. തുടർന്ന് ഇവർ പല വീടുകളിലായി വാടകയ്ക്ക് താമസം തുടങ്ങി.
പിന്നീട് വീട്ടുകാരുമായി സൗഹൃദത്തിലായി ഒരുമിച്ച് താമസമായി ഇവർക്ക് ഒരാൺകുഞ്ഞും പിറന്നു. ഇതിനിടയിൽ കടബാധ്യത തീർക്കാൻ അനിൽ വിദേശത്ത് പോയി. എന്നാൽ ഇതിന് പിന്നാലെ ശ്രീകല മറ്റൊരു പുരുഷനുമായി ഇഷ്ടത്തിലാണെന്നുള്ള സംശയവും വീട്ടുകാരിലുണ്ടായി. വിദേശത്തു നിന്നുമെത്തിയ അനിൽ ഈ വിഷയത്തിൽ ശ്രീകലയുമായി വഴക്കിട്ടിരുന്നു എന്നും പറയപ്പെടുന്നുണ്ട്. തുടർന്നാണ് പെട്ടന്നൊരു ദിവസം കലയെ കാണാതായത്. കലയെ കാണാനില്ലെന്ന് അനിലിന്റെ അച്ഛൻ തങ്കച്ചൻ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ശ്രീകലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. നാട്ടുകാരോ ബന്ധുക്കളോ പൊലീസോ പോലും കാര്യമായ അന്വേഷണം നടത്തിയില്ല. നാളുകൾക്ക് ശേഷം അനിൽ മറ്റൊരു വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളാണ് അനിലിനുള്ളത്. ശ്രീകലയുമായുള്ള വിവാഹത്തിലും ഒരു മകനുണ്ട്. അനിലിന്റെ വീട്ടുകാരോടൊപ്പമാണ് ഈ കുട്ടിയും താമസിക്കുന്നത്. മൂന്നു മാസത്തിനു മുമ്പാണ് അനിൽ ജോലിക്കായി ഇസ്രായേലിലേക്ക് പോകുന്നത്.
ശ്രീകലയുടെ തിരോധാവുമായി ബന്ധപ്പെട്ട് സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോൾ പ്രതികളിലൊരാൾ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. കേട്ടുനിന്നവരിൽ ഒരാൾ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം മാന്നാറിലെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി.
വൻ പൊലീസ് സംഘമാണ് തെളിവെടുപ്പിനായി വീട്ടിലെത്തിയത്. സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ പൊലീസിന് ലഭിച്ചു. സ്ത്രീകൾ മുടിയിൽ ഇടുന്ന ക്ലിപ്പ്, സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്. 15 വര്‍ഷം പിന്നിട്ടതിനാൽ ചെറിയ അവശിഷ്ടം മാത്രമേ ലഭിക്കൂവെന്ന് ഫൊറൻസിക് സംഘം സംശയിക്കുന്നുണ്ട്. അതേസമയം ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ ഇസ്രയേലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.