ഇന്ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തിയും വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ അതിതീവ്ര ന്യുനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ ഭരണകൂടങ്ങൾ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തീര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും ജനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നഫിയിപ്പ് നൽകി. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുംവരെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. ക്യാമ്പുകൾ അവസാനിക്കുന്ന വിവരം അതത് തഹസിൽദാർമാർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കണം.
പാലക്കാട് പോത്തുണ്ടി ജി.എൽ.പി.എസിന് അവധി
ഏഴ് കുടുംബങ്ങളും 21 അംഗങ്ങളും ഉൾപ്പെട്ട ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതിനാൽ പോത്തുണ്ടി ജി.എൽ.പി.എസ്സിന് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
മലപ്പുറത്ത് സ്കൂളുകൾക്ക് അവധി
മലപ്പുറം ജില്ലയിൽ കാലവർഷത്തെ തുടർന്നുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് അറിയിച്ചു.