നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തിൽ നിന്ന് പോലും വോട്ടുകൾ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. ഉൾപ്പാർട്ടി വിമര്‍ശനങ്ങൾ ഉൾക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയിൽ എഴുതിയ ലേഖനത്തിൽ തുറന്ന് പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകൾ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കൾ കൂട്ടത്തോടെ എത്തുന്നത്. തോമസ് ഐസകിന് പിന്നാലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണവും പരിഹാരവും നിര്‍ദ്ദേശിക്കുന്നതാണ് എംഎ ബേബിയുടെ ലേഖനം.
”ഇപ്പോൾ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തിൽ നിന്ന് പോലും വോട്ടുകൾ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഉൾപ്പാര്‍ട്ടി വിമര്‍ശനങ്ങൾക്ക് ഇടമുണ്ടാകണം. വിമര്‍ശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം”. അല്ലെങ്കിൽ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ ആകില്ലെന്നാണ് എംഎ ബേബി ഓര്‍മ്മിപ്പിക്കുന്നത്.
ആവശ്യമായ തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളണമെന്നു കൂടി പറയുന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്ന വിശദമായ അവലോകനങ്ങൾക്ക് ശേഷം 19, 21, 22 തീയതികളിൽ നടക്കുന്ന സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗം തെറ്റുതിരുത്തൽ നടപടികൾക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനിരിക്കുകയാണ്. ഇതിന് തൊട്ടു മുൻപാണ് തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിലാണ് പച്ചക്കുതിരയിൽ എംഎ ബേബിയുടെ ലേഖനം.