രണ്ടര മണിക്കൂര്‍ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.
കോട്ടയം: ജസ്ന തിരോധന കേസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് മുൻ ലോഡ്ജ് ജീവനക്കാരിയ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്തെത്തിയ സിബിഐ അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി സിബിഐ സംഘമെടുത്തു. രണ്ടര മണിക്കൂര്‍ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.
കേസില്‍ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു. വെളിപ്പെടുത്തല്‍ നടത്താൻ വൈകിയതിന്‍റെ കാരണവും മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് മുൻ ലോഡ്ജ് ജീവനക്കാരി തുറന്നു പറഞ്ഞു. ലോഡ്ജ് ഉടമ പേടിപ്പിച്ചതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. ലോഡ്ജ് ഉടമയായ ബിജവുമായുള്ള പ്രശ്നങ്ങളാണ് കാര്യങ്ങള്‍ തുറന്നു പറയാൻ വൈകിയത്. ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും കാലം ഇക്കാര്യം പറയാതിരുന്നത് ലോഡ്ജ് ഉടമയെ പേടിച്ചിട്ടാണ്. വെളിപ്പെടുത്തല്‍ നടത്താൻ വൈകിയതില്‍ കുറ്റബോധം തോന്നുന്നുണ്ട്. സിബിഐയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറയാനുള്ള കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും മുൻ ലോഡ്ജ് ജീവനക്കാരി പറഞ്ഞു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സിബിഐ സംഘം മുണ്ടക്കയത്ത് എത്തി വിവരങ്ങൾ ശേഖരിച്ചത്. മുണ്ടക്കയത്ത് ജസ്നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിന്‍റെ ഉടമ ബിജു സേവിയറിന്‍റെ മൊഴി സി ബി ഐ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുണ്ടക്കയത്തെ ലോഡ്ജിലും സി ബി ഐ സംഘം പരിശോധന നടത്തിയിരുന്നു.കാണാതാകുന്നതിന് മുമ്പ്, ജസ്നയെ ആൺ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ആ ലോഡ്ജ് മുറിയിൽ കണ്ടിരുന്നു എന്നായിരുന്നു മുൻ ലോഡ്ജ് ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.
അടിമുടി ദുരൂഹത നിറഞ്ഞതാണ് ലോഡ്ജ്. ക്രൈംബ്രാഞ്ച് സംഘം മുമ്പ് പല തവണ ലോഡ്ജിൽ പരിശോധ നടത്തിയിരുന്നെന്ന് ലോഡ്ജ് ഉടമ ബിജു സേവ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന്‍റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ഈ ലോഡ്ജ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലൂടെ സ്ത്രീ നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ലോഡ്ജിലേക്ക് കയറുന്ന കോണിപ്പടികളിലാണ് ജസ്നയുടെ രൂപ സാദ്യശ്യമുളള പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം അന്ന് കണ്ടത്. പടിക്കെട്ടുകെട്ടുകൾ കയറി രണ്ടാമത്തെ നിലയിൽ എത്തുമ്പോഴാണ് 102 നമ്പർ മുറി.