സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ അധ്യാപക തസ്തികകൾ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്. ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. നിലവിലെ ഗസ്റ്റ് അധ്യാപക തസ്തികകൾ അടക്കം തുടരാം. നാല് വര്‍ഷ ബിരുദ കോഴ്സുകൾ നടപ്പാക്കുമ്പോൾ ജോലി ഭാരം കുറവ് വന്ന് അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കെയാണ് മന്ത്രി തല ചര്‍ച്ചയും തുടര്‍ തീരുമാനവും.
തസ്തിക സംരക്ഷിക്കും വിധം അധ്യാപകരുടെ ജോലി ഭാരത്തിൽ ക്രമീകരണം വരുത്തും. ഇതിനുള്ള വിശദമായ സര്‍ക്കാര്‍ ഉത്തരവും ഉടനുണ്ടാകും, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് തുടങ്ങുന്നത്. ‘വിജ്ഞാനോത്സവമെന്ന പേരിൽ ക്യാമ്പസുകളിൽ ആഘോഷങ്ങൾ നടത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.