സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരായ പി ജയരാജന്റെ ഫെയ്‌സ്ബുക് കുറിപ്പിൽ സിപിഎമ്മിൽ അതൃപ്‌തി. അനവസരത്തിലെ പോസ്റ്റ് വിഷയം വഷളാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ. വിഷയത്തിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഔദ്യോഗികമായി വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പി.ജയരാജൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത് അനുചിതമായെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
ക്വട്ടേഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിൽ ബന്ധമെന്ന ആരോപണം വീണ്ടും ചർച്ചയാക്കുന്നതാണ് സിപിഎം മനു തോമസിനെതിരെ സ്വീകരിച്ച നടപടി. പിന്നാലെ ഫേസ്ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന നിർദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങൾ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജൻ വിമർശിച്ചു.
പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോൾ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ മനു തോമസ്, ക്വാറി മുതലാളിമാർക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയതും മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.