തിരുവനന്തപുരം: പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി പി എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. മുഖ്യമന്ത്രിയും, പാര്‍ട്ടിയും നല്കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. പാര്‍ട്ടിയില്‍ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി പി ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് സുധാകരന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സി പി എം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുമ്പും സമാനമായ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അന്നു കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ ടി കെ രജീഷ്, ഷാഫി, സിജിത്ത്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്കാന്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഇരകളായത് മൂന്ന് ജയിലുദ്യോഗസ്ഥരാണ്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഇത്തരമൊരു നീക്കം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒടുങ്ങാത്ത പകയാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഈ കൊലയാളികള്‍ കഴിയുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഊറ്റമായ പിന്തുണയോടെയാണ്. ജയില്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ പാദസേവകരാണ്. ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. ജയിലില്‍ കിടന്നുകൊണ്ടാണ് ഇവര്‍ പലിശയ്ക്ക് പണം നല്കുന്നത്. മൊബൈല്‍ ഫോണും മൊബൈലില്‍ സംസാരിക്കാനുള്ള അവകാശവും ഇവര്‍ക്കുണ്ട്. പുറം ഗുണ്ടാപ്പണികള്‍ ഇവര്‍ ഏര്‍പ്പാടാക്കുന്നു. കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിന് ഇടയാക്കിയ സ്വര്‍ണം പൊട്ടിക്കല്‍ സംഭവത്തിനു പിന്നിലും ജയിലില്‍ കഴിയുന്ന പാര്‍ട്ടി ബന്ധമുള്ള കൊലയാളികളാണ്. ഇവര്‍ക്ക് യഥേഷ്ടമാണ് പരോള്‍ ലഭിക്കുന്നതെന്നും സുധാകരൻ ചൂണ്ടികാട്ടി.പാര്‍ട്ടി ഏല്പിച്ച ക്വട്ടേഷന്‍ പണികളും കൊലകളും ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ച ഇവരെ സുഖപ്പിച്ചു കൂടെ നിര്‍ത്തുക എന്നതാണ് സി പി എം ലൈന്‍. ഇവര്‍ വായ് തുറന്നാല്‍ സി പി എമ്മിന്റെ ഉന്നതനേതാക്കള്‍ ജയിലിലാണ്. എന്നാല്‍, ഇവര്‍ക്കെതിരേ അണികളില്‍ ജനരോഷം നീറിപ്പുകയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളെല്ലാം സുനാമി അടിച്ചതുപോലെ ഒഴുകിപ്പോയി. സ്വയംവരുത്തിവച്ച വിനകളാല്‍ പാര്‍ട്ടി എന്ന നിലയിലും പ്രത്യയശാസ്ത്രം എന്നനിലയിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ഇനി ഈ പാര്‍ട്ടിയെ നോക്കി ആരും തിളയ്ക്കാതിരിക്കുന്നതാണ് നല്ലത്. അനുഭവത്തില്‍നിന്ന് പാഠം പഠിക്കാത്ത, ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത ഫാസിസ്റ്റ് പാര്‍ട്ടിയാണ് സി പി എം എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.