ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ ഷീല മാധ്യമങ്ങളോട് പറഞ്ഞു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാൽ വേണ്ടത്ര ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയതെന്നും അമ്മ ഷീല പറഞ്ഞു. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ തെരച്ചിലിലും കരയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അമ്മ തന്നെ പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്.
സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. എന്നാൽ അതിപ്പോൾ തെറ്റി. അവർക്ക് യാതൊന്നും ചെയ്യാനായില്ല. തെരിച്ചിലിനായി മികച്ച ഉപകരണങ്ങൾ ഒന്നും എത്തിച്ചില്ല. ഇന്ത്യൻ മിലിട്ടറിയുടെ ഈ അവസ്ഥയിൽ തങ്ങൾക്ക് വലിയ വിഷമമുണ്ട്. വാഹനം അവിടെ ഇല്ലെന്ന് തെളിയിക്കേണ്ടത് ചിലരുടെ പ്രസ്റ്റീജ് ഇഷ്യൂ ആണോ എന്ന് സംശയം ഉണ്ടെന്നും അമ്മ പറഞ്ഞു.
അവിടെ നടക്കുന്ന നടപടികൾ കൃത്യമായി അറിയിക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീഡിയോകൾ അവർ അയച്ചു തന്നിരുന്നു. എന്നാൽ അതെല്ലാം ഡിലീറ്റ് ചെയ്തു. പിന്നീട് ഒന്നും ഉണ്ടായില്ല. മണ്ണെടുക്കൽ പതിവിലും നേരത്തെ നിർത്തുകയായിരുന്നു. ഞങ്ങളുടെ ആളുകളെ അവിടുത്തേക്ക് കടത്തിവിടുന്നില്ല. പട്ടാളത്തിനെ ഞങ്ങൾക്ക് വേണ്ടി ഇത്രയും ചെലവ് ചെയ്ത് വരുത്തിയത് ആരെയോ കാണിക്കാനായുള്ള കോമാളിത്തരമാണ്. ഒരു മനുഷ്യനെ രക്ഷിക്കാൻ ആവശ്യമായ ഒരു കാര്യവും അവരുടെ കയ്യിലില്ല. ഇനിയും നേവി വന്നു തിരയുമെന്ന് പറയുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞതും നേവിയായിരുന്നില്ലേ. നമ്മൾ മലയാളികൾ ആയതുകൊണ്ട് മാത്രമാണ് എല്ലാ ശ്രദ്ധയും പിന്തുണയും കിട്ടിയത്. ഇതൊന്നും ലഭിക്കാത്ത തമിഴന്മാരായ മൂന്നുപേരുടെ ആളുകളെ അവിടെ ആട്ടിയോടിക്കുകയാണ്. അവർക്ക് നീതി ലഭിക്കുന്നില്ല.
അവരെ ആരും ശ്രദ്ധിക്കുന്നില്ല. അഫ്ഗാനിൽ ജീവിക്കും പോലെയാണ് തോന്നുന്നത്. ഈ സംസ്ഥാനം ഇന്ത്യയിൽ തന്നെയാണോ എന്നാണ് സംശയിക്കുന്നത്. സൈന്യം മകനെ കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാളത്തെ അഭിമാനമായി വിശ്വസിച്ചിരുന്നു. അതിപ്പോൾ തെറ്റിയെന്നും അർജുൻ്റെ അമ്മ ഷീല പറഞ്ഞു. അതിനകത്തുള്ളത് എൻ്റെ മകനാണ്. അമ്മയും ഭാര്യയും മകനും കൂട്ടുകാരെ പോലെയാണ് കഴിഞ്ഞത്. മനസ്സുകൊണ്ട് സംസാരിക്കുന്നവരാണ് ഞങ്ങൾ. ഒരാളുടെ മനസ്സിലെ ചിന്ത മൂന്നുപേരുടെ ഉള്ളിലും ഒരു പോലെ പോകും. തന്റെ മകന് അപകടത്തിൽ എന്തെങ്കിലും പറ്റി എന്നറിഞ്ഞാൽ അത് ഉൾക്കൊള്ളും. സഹനം എന്നതിന്റെ അങ്ങേ തലയ്ക്കൽ എത്തിയിരിക്കുകയാണ്. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. വീഴാൻ സാധ്യതയുള്ള ഒരു കുഴിയിൽ തപ്പാതെ അവിടെ മണ്ണ് കൊണ്ടു പോയിട്ടുവെന്നും അമ്മ പറഞ്ഞു.