29-ാ മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്കെ) സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് പായല്‍ കപാഡിയക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ 20 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിക്കും.
സിനിമയെ സമരായുധമാക്കിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്കുന്ന പുരസ്കാരമാണ് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. ഇറാന് ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്കാരത്തിന് അര്‍ഹരായത്.
പായല്‍ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ഏസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ വൈകാരിക ലോകത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ചിത്രമാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് ഇടം നേടിയ ചിത്രം ആഗോളതലത്തില്‍ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങട് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. ഐഎഫ്എഫ്കെ മേളയിലും ചിത്രം പ്രദര്‍ശിപ്പിക്കും.