അഫഗാനിസ്ഥാനിൽ സ്ത്രീകള്‍ക്ക് മേലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ള
താലിബാന് ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം.
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് റാഷിദ് എക്സ് പോസ്റ്റില്‍ കുറിച്ചു.പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണ്. വനിതാ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കും. താലിബാന്റെ ഇത്തരം നീക്കങ്ങൾ ഇസ്ലാമിന്റെ പേരിലാണെങ്കിൽ അത് തെറ്റാണെന്നും വനിതകള്‍ക്കും അറിവ് നേടാനുള്ള അവകാശം ഖുര്‍ആനും ഇസ്ലാമും ഉയർത്തുന്നുണ്ടെന്നും റഷീദ് ഖാൻ പറഞ്ഞു.
‘പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിന്‍വലിക്കണം. പുരുഷന്മാര്ക്കെന്ന പോലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം അവരുടെ അവകാശമാണ്. പുതിയ തീരുമാനങ്ങളില്‍ എനിക്ക് നിരാശ തോന്നുന്നു. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് തുടങ്ങുന്നത്, റാഷിദ് കുറിച്ചു.