തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാന അഫാന്റെ വീട്ടിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെ അഫാനും ബൈക്കിലെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതി അഫാനെ സ്കാനിങിന് കൊണ്ടുവരുന്ന ദൃശ്യങ്ങളും ട്വന്റിഫോറിന് ലഭിച്ചു.
അതേസമയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പ്രതി അഫാന്റെ ആരോഗ്യനിലയിൽ കുഴപ്പങ്ങൾ ഒന്നുമില്ല. ഇക്കാര്യം അന്വേഷണ സംഘത്തെ ഡോക്ടർമാർ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ കാര്യങ്ങളിൽ അടക്കം സമഗ്രമായ അന്വേഷണം നടത്തും. സാമ്പത്തിക ബാധ്യത ഉണ്ടെന്ന മൊഴിയിൽ കുടുംബത്തിന് പണം കടം കൊടുത്തവരെ കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്നും ഡോക്ടർമാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ പ്രതിയുടെ പ്രാഥമിക ചോദ്യം ചെയ്യലിലെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് പെൻസുഹൃത്തു ഫർസാനയുടെ കയ്യിൽ നിന്നും അഫാൻ ആഭരണം വാങ്ങിയിരുന്നു. ഫർസാനയുടെ വീട്ടുകാർ അറിയാതിരിക്കാൻ പകരാൻ മുക്കുപണ്ടം ആണ് നൽകിയത്. കൂടാതെ പ്രതി എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനാണ് കൊലക്ക് ശേഷം മദ്യം വാങ്ങിയതെന്നും വിവരം ഉണ്ട്. വിഷം കഴിച്ചശേഷം സ്വന്തം ബൈക്കിൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഓട്ടോറിക്ഷയിൽ പോയത്.








