പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണത്തിന് ധീരജ് വധക്കേസിലെ പ്രതിയെത്തിയത് ആയുധമാക്കി സിപിഐഎം. രാഹുലിന്റെ ഗുണ്ടാ സംഘത്തെ ഭയപ്പെടാതെ പി സരിന് വോട്ട് ചെയ്യാൻ കോൺഗ്രസുകാർക്ക് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് രാഷ്ട്രീയ വാക്പോരും കടുക്കുകയാണ്.
ധീരജ് വധക്കേസിലെ ആറാം പ്രതി സോയ്മോൻ യുഡിഎഫ് പ്രചാരണത്തിന് എത്തിയ ചിത്രമാണ് സിപിഐഎം പാലക്കാട് രാഷ്ട്രീയ ആയുധമാക്കുന്നത്. ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ധീരജ് വധക്കേസിലെ പ്രതി സോയ്മോൻ പാലക്കാട് ക്യാമ്പ് ചെയ്യുന്നത് ഈ ഗുണ്ടാ പ്രവർത്തനത്തിന്റെ ഭാഗമായാണെന്നും ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ശ്രമമെന്നും വികെ സനോജ് ആരോപിച്ചു.
ധീരജ് കേസ് പറയുമ്പോൾ വാടിക്കൽ രാമകൃഷ്ണൻ കേസ് തിരിച്ചുപറയുന്നത് ബാലിശമാണ്. വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് കള്ള കേസാണ് ഇതിലെ പ്രതികളെ വെറുതെ വിട്ടതാണ്. പാലക്കാട് നൽകുന്നത് മുരളീധരനെയും കരുണാകരനെയും ഇഷ്ടപ്പെടുന്നവർക്കുള്ള മുന്നറിയിപ്പാണെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.
അതേസമയം, ഒന്നിൽ നിന്ന് ഒന്നിലേക്ക് എന്നപോലെ വിവാദങ്ങളുടെ തിരിയിലേക്ക് പാലക്കാട് തീപടരുകയാണ്. കൊലപാതകത്തിന് പഴയ കേസ് എന്നില്ല, വാടിക്കൽ രാമകൃഷ്ണൻ കേസിലെ പ്രതികൾ എൽഡിഎഫിനായി പ്രചാരണ രംഗത്തുണ്ട്. ആരോപണത്തിന്റെ കണക്കെടുത്താൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾക്ക് പ്രചാരണത്തിന് എത്താൻ കഴിയില്ലെന്നായിരുന്നു രാഹുൽമാങ്കൂട്ടത്തിലിൻ്റെ തിരിച്ചടി.
സ്ഥാനാർത്ഥിയാക്കണമെന്ന് കാണിച്ചുള്ള ഡിസിസിയുടെ കത്ത് വിവാദത്തിൽ കെസി വേണുഗോപാലിനെ തള്ളുകയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കത്ത് കിട്ടിയയാൾ ഇപ്പോൾ എല്ലാം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാവർക്കും കത്തുകിട്ടി കാണില്ലെന്നും മുരളീധരൻ പറഞ്ഞു.