
മലയാള സിനിമയുടെ സ്വന്തം മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വിടവാങ്ങിയിട്ട് ഇന്നേക്ക് നാലുവര്‍ഷം.സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ആ നിഷ്‌കളങ്കമായ ചിരി അത്രമേല്‍ ഹൃദ്യമായിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഓര്‍മകളിലേയ്ക്ക്… (actor unnikrishnan namboothiri death anniversary)
76-ാം വയസിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമയിലെത്തുന്നത്. 1996ല്‍ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേശാടനത്തിലെ കഥാപാത്രം പ്രേക്ഷക മനസ് കീഴടക്കി. 4 തമിഴ് സിനിമകള്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ വേഷമിട്ടു. ഓരോ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലൂടെ അവിസ്മരണീയമാക്കി. കല്ല്യാണരാമനിലെ മുത്തച്ഛന്‍ കഥാപാത്രം മലയാളികള്‍ ഒരിക്കലും മറക്കില്ല.
പുല്ലേരി വാദ്യാര്‍ ഇല്ലത്ത് നാരായണന്‍ വാദ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി 1923 ഒക്ടോബര്‍ 19നാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജനനം. പൂണുലിട്ട കമ്മ്യൂണിസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. എകെജി അടക്കമുള്ള നേതാക്കള്‍ പുല്ലേരി വാദ്യാര്‍ ഇല്ലത്തില്‍ ഒളിവില്‍ പാര്‍ത്തു. ആ ജ്വലിക്കുന്ന കാലത്തെ ഓര്‍മ്മകള്‍, പുതുകാല നേതാക്കളോടുള്ള സൗഹൃദത്തിന് വഴിതുറന്നു. 2021 ജനുവരി 20-ന് 97-ാം വയസില്‍ കൊവിഡ് ബാധിച്ചായിരുന്നു മരണം. ഒരിക്കലും മായാത്ത ആ നിറഞ്ഞ ചിരി ഓര്‍മകളില്‍ ബാക്കി.