തിരുച്ചിറപ്പള്ളിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാറിന്റെ കാര്യം ക്യാബിന്‍ ക്രൂ അറിഞ്ഞിരുന്നു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും സാങ്കേതിക തകരാര്‍ മൂലം പറന്ന് മുന്നോട്ടുപോകാനും വയ്യാത്ത അവസ്ഥയായിരുന്നു ഫ്‌ളൈറ്റിന്റേത്. ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍, അപകടത്തിനും പ്രാര്‍ത്ഥനയ്ക്കുമിടയില്‍ ജീവതത്തിനും മരണത്തിനുമിടയില്‍ വിമാനത്തിന് രണ്ടുമണിക്കൂറിലേറെ ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടി വന്നു. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 141 ജീവനുകളാണ് വിമാനത്തിലുള്ളത്. സേഫ് ലാന്‍ഡിംഗിലുള്ള ഭഗീരഥ പ്രയത്‌നത്തിനിടെ മനസാന്നിധ്യം കൈവിടാത്ത കരുത്തിന്റെ പേരായി ഈ വൈകുന്നേരം മാറുകയായിരുന്നു ഡാനിയല്‍ ബെലിസ. എയര്‍ ഇന്ത്യാ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വനിതാ പൈലറ്റിന് കൈയടിക്കുകയാണ് ഇപ്പോള്‍ അധികൃതരും സോഷ്യല്‍ മീഡിയയും. (Captain Daniel Pelisa Leads Safe Landing Of Air India Express Flight)
ബെലിസയുടെ പ്രവര്‍ത്തന പരിചയവും സ്‌കിലും ഒന്നുകൊണ്ട് മാത്രമാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. ഉയരെ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ പോര്‍ട്ടാകെ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി.
ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ AXB 613 വിമാനം രണ്ട് മണിക്കൂര്‍ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്. ഇന്ധനം തീര്‍ക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്നം. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഇന്ധനം തീര്‍ക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു.
വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു. സുരക്ഷിത ലാന്‍ഡിംഗിനെ വിമാനത്താവളത്തിലുള്ള മുഴുവന്‍ പേരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. യാത്രക്കാര്‍ക്ക് പോകാനുള്ള പകരം വിമാനം ഉടന്‍ സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്.