ചണ്ഡീഗഡിൽ ദേശീയ വനിതാ ഏക ദിന ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി മണിപ്പുരിനെതിരെ സെഞ്ചുറിയുമായി പ്ളെയർ ഓഫ് ദ് മാച്ച് ആയ ജിൻസി ജോർജിനെ അധികമാരും ശ്രദ്ധിച്ചിരിക്കില്ല. പതിനേഴു വർഷം കേരളത്തിനു കളിച്ച ജിൻസി ഈ വർഷം അതിഥി താരമായി മധ്യപ്രദേശിനൊപ്പം ചേർന്നതാണ്. കേരള ടീം ക്യാപ്റ്റനായിരുന്ന ഈ ഓപ്പണിങ് ബാറ്റർ ചൊവ്വാഴ്ച്ച മണിപ്പൂരിനെതിരെ 146 പന്തിൽ 188 റൺസ് ആണ് സ്കോർ ചെയ്തത്. 27 ബൗണ്ടറി. അനന്യ ദുബെയ്ക്കൊപ്പം (168) മധ്യപ്രദേശ് സ്കോർ 50 ഓവറിൽ മൂന്ന് വിക്കറ്റിന് 398 റൺസിൽ എത്തിച്ചു. ഏക ദിനത്തിൽ ജിൻസിയുടെ ഉയർന്ന സ്കോർ ആണിത്.
നേരത്തെ ട്വൻ്റി 20യിൽ മധ്യപ്രദേശിനായി എഴു മത്സരങ്ങളിൽ കളിച്ചു. കാർട്ടറിലൊഴികെ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനായി. ജിൻസി അണ്ടർ 16 തലം മുതൽ കേരള ടീമിൽ സ്ഥിരം സാന്നിധ്യമായിരുന്നു. 2008 ൽ സംസ്ഥാന ജൂനിയർ ചാംപ്യൻഷിപ്പിൽ കൊല്ലത്തിനു വേണ്ടി ഒരു ഇന്നിംഗ്സിൽ കോഴിക്കോടിൻ്റെ 10 വിക്കറ്റ് വീഴ്ത്തിയ ജിൻസി അന്ന് കൊല്ലം നേടിയ 69 റൺസിൽ 48 റൺസും സ്കോർ ചെയ്തിരുന്നു. 10 വിക്കറ്റിൽ ഏഴ് ക്ളീൻ ബൗൾഡ്, ഒരു എൽ. ബി.ഡബ്ളിയു.രണ്ട് റിട്ടേൺ ക്യാച്ചും. പക്ഷേ, ജിൻസി ഇപ്പോൾ ബാറ്റിങ്ങിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
കൊല്ലം കുണ്ടറ പെരുമ്പുഴ പൊയ്കയിൽ കിഴക്കതിൽ ജോർജ്കുട്ടിയുടെയും ചിന്നമ്മയുടെയും പുത്രി ചെന്നൈയിൽ പാർട് ടൈം ജോലി നോക്കിയാണ് പരിശീലനം തുടരുന്നത്.മുൻ തമിഴ്നാട് താരം ഷൈലജ സുന്ദറുമൊത്താണ് പരിശീലനം.ഷൈലജ ഇപ്പോൾ പോണ്ടിച്ചേരിക്കു കളിക്കുന്നു. 2019-20 ൽ തായ്ലൻഡും ബംഗ്ലാദേശും ഇന്ത്യ എ, ബി ടീമുകളും പങ്കെടുത്ത ക്വാഡ്രാങ്കുലറിൽ ഇന്ത്യൻ എ ടീമിൽ ജിൻസി ഉണ്ടായിരുന്നു. ഇന്ത്യ ബി യിൽ മിന്നു മണിയും. തായ്ലൻഡിനെതിരെ അന്ന് 44 റൺസ് നേടി. കേരളത്തിനു വേണ്ടി ട്വൻ്റി 20യിൽ മണിപ്പൂരിനെതിരെയും ഏക ദിനത്തിൽ മുംബൈക്കും ത്രിപുരയ്ക്കുമെതിരെയും സെഞ്ചുറി നേടിയ ജിൻസിക്ക് കോവിഡ് കാലം, ഇന്ത്യ എ ടീമിൽ നിന്ന് മുന്നോട്ടുള്ള കുതിപ്പിനു തടസ്സമായി.
കേരളത്തിനു കളിച്ചപ്പോൾ ലഭിക്കാതെ പോയ ഇന്ത്യൻ ക്യാപ് മധ്യപ്രദേശ് വഴി ജിൻസിക്കു ലഭിക്കുമോ? മുപ്പത്തിരണ്ടാം വയസ്സിൽ ഭാഗ്യം കൈവരുമോ? ആശ ശോഭനയൊപ്പാലെ വൈകി വന്നൊരു ഭാഗ്യമായത് സംഭവിക്കട്ടെ.
മിന്നു മണിക്കും ആശ ശോഭനയ്ക്കും സജന സജീവനും പിന്നാലെ കേരളത്തിൽ നിന്ന് മറ്റൊരു വനിതകൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
ജിൻസിയുടെ നിശ്ചയദാർഢ്യവും സമർപണവും പ്രശംസനീയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ച് പരിശീലനത്തിനായി ചെന്നൈയിൽ താമസിക്കുന്നത് ലക്ഷ്യബോധത്തോടെ തന്നെ. ആ ലക്ഷ്യം അകലെയല്ല എന്ന് വിശ്വസിക്കാം.