2000 കോടി ക്ലബ്ബിൽ കയറി ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രവിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ അടുത്ത ഭാഗം 2028ൽ മാത്രമേ തിയറ്ററുകളിലെത്തൂ എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. ഗൂൽറ്റെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പുഷ്പ 3 യുടെ സഹ നിർമാതാവ് വൈ. രവിശങ്കർ ആണ് ചിത്രം വൈകിയേ ആരാധകരിലേക്കേത്തു എന്നറിയിച്ചത്.
2021 പുറത്തിറങ്ങിയ പുഷ്പ ദി റൈസ്, എന്ന ആദ്യ ഭാഗത്തിന് ശേഷം 2025 വരെ അല്ലു അർജുൻ ആകെ അഭിനയിച്ച ചിത്രം പുഷ്പ 2 ദി റൂൾ മാത്രമാണ്, അതിനാൽ ഇനി മാറ്റ് ചിത്രങ്ങളിൽ കൂടി അഭിനയിച്ച ശേഷമേ താരം പുഷ്പയായി അവതരിക്കുകയുള്ളു.
ആറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർജുൻ അടുത്തതായി അഭിനയിക്കാൻ പോകുന്നത്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്ഷം ആരംഭിക്കുമെങ്കിലും 2026 ൽ ആവും റിലീസ്. ചിത്രത്തിൽ സാമന്തയാണ് അല്ലു അർജുന്റെ നായികയാകുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതിനു ശേഷം അല്ലു അർജുന്റെ ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിന്റെ സംവിധായകനായ ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രത്തിൽ താരം അഭിനയിക്കും. ത്രിവിക്രം ശ്രീനിവാസിന്റെ അവസാനം തിയറ്ററുകളിലെത്തിയ ചിത്രം മഹേഷ് ബാബുവിന്റെ ഗുണ്ടൂർ ഗാരം ആണ്. ഇതിനു മുൻപ് സൺ ഓഫ് സത്യമൂർത്തി എന്ന ചിത്രത്തിലും ത്രിവിക്രം ശ്രീനിവാസും അല്ലു അർജുനും ഒന്നിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.