ഇനി ചുവരെഴുത്ത് തുടങ്ങാം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു രണ്ടാമത്തേതായിരുന്നു സ്റ്റെതസ്കോപ്പ് എന്ന് സരിൻ പറയുന്നു.
‘ചിഹ്നം സന്തോഷത്തോടെ സ്വീകരിക്കുന്നു. പഠിച്ച വിഷയത്തിൽ തന്നെ വോട്ടഭ്യർത്ഥിക്കാം. പാലക്കാടിന്റെ ഹൃദയമിടിപ്പറിയാൻ സ്റ്റെതസ്കോപ്പ് ഉപയോഗിക്കാമെന്നാണ് കരുതുന്നത്, ചിലരുടെയെങ്കിലും ഹൃദയമിടിപ്പ് അത് കൂട്ടുമോ എന്ന് അറിയില്ലാ’യെന്നും പി സരിൻ ട്വന്റി ഫോറിനോട് പറഞ്ഞു.
പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതിൽ നിന്ന് ഒരാൾ കൂടി ഇന്ന് പത്രിക പിൻവലിച്ചു. രമേശ് കുമാർ ആണ് ഇന്ന് പത്രിക പിൻവലിച്ചത്.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പാലക്കാട് വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലും പരമാവധി വോട്ടർമാരെ കാണാറുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വാഹന പര്യടനത്തിന് തുടക്കം കുറിച്ചു. പിരായിരി ചുങ്കത്ത് നിന്ന് ആരംഭിച്ച രാഹുലിന്റെ റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.ഷാഫി പറമ്പിൽ വി കെ ശ്രീകണ്ഠൻ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം റോഡ് ഷോയിൽ ഉണ്ടായിരുന്നു.
അതേസമയം, പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാൻ അൻവർ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.