
താമരശ്ശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു. പി ആർ ഒ ആയിരുന്ന നൗഷാദിന്റെ സസ്പെൻഷനാണ് പിൻവലിച്ച് തിങ്കളാഴ്ച ഉത്തരവിറങ്ങിയത്. ഭർത്താവ് യാസറിനെതിരെ ഷിബില നൽകിയ പരാതി കൃത്യമായി അന്വേഷിച്ചില്ല എന്ന കുടുംബത്തിന്റെ പരാതിയിൽ ആയിരുന്നു നടപടി ഉണ്ടായത്
താമരശ്ശേരി ഷിബിലയുടെ കൊലപാതകത്തിന് മുൻപ് പ്രതി യാസറിനെ കുറിച്ച് ഷിബിലയും ബന്ധുക്കളും താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഷിബിലിയുടെ കൊലപാതകത്തിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തി. പൊലീസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവും ഉണ്ടായി.
പൊലീസ് കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ ഷിബില കൊല്ലപ്പെടില്ലായിരുന്നു എന്നാണ് കുടുംബം പറഞ്ഞത്. കുടുംബത്തിൻറെ ഈ ആരോപണത്തിന് പിന്നാലെയാണ് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പി ആർ ഒ ആയ ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തത്.എന്നാൽ നൗഷാദിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും പരാതി ലഭിച്ചപ്പോൾ തന്നെ എസ് എച്ച് ഒയക്ക് കൈമാറി എന്നുമാണ് അന്വേഷണത്തിൽ മനസ്സിലായത് .ഇതിൻറെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത് .
എന്നാൽ ഈ നടപടി പ്രതിഷേധാർഹം എന്നാണ് ഷിബിലയുടെ കുടുംബത്തിൻറെ പ്രതികരണം.നീതി ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. എസ് ഐ തെറ്റുകാരനല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചെടുത്തപ്പോൾ, ആരാണ് ഇവിടെ വീഴ്ച വരുത്തിയതെന്ന ചോദ്യമാണ് നിലനിൽക്കുന്നത് .