
ലോകത്തെ ഏറ്റവും വലിയ സിനിമാ താരം ടോം ക്രൂസിന്റെ ഐതിഹാസിക സിനിമാ പരമ്പരയായ മിഷൻ ഇംപോസ്സിബിളിന്റെ അവസാന ചിത്രമായ മിഷൻ ഇംപോസ്സിബിൾ : ഫൈനൽ റെക്കണിങ്ങിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകളെന്ന പെരുമയുമായി ഈ പരമ്പര നീണ്ടു നിന്നത് മൂന്ന് പതിറ്റാണ്ടോളമാണ്.
എട്ടാമത്തെ മിഷൻ ഇംപോസ്സിബിൾ ചിത്രമായ ഫൈനൽ റെക്കണിങ് സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ്റ്റഫർ മക്വയറിയാണ്. മെയ് 23 ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രം പതിവ് പോലെ പുതിയൊരു മിഷന്റെ കഥയാവില്ല മറിച്ച് 7 ആം ഭാഗത്തിന്റെ തുടർച്ചയാവും പറയുക. ക്രിസ്റ്റഫർ മക്വയറി സംവിധാനം ചെയ്യുന്ന 4 ആമത്തെ മിഷൻ ഇംപോസ്സിബിൾ ചിത്രമാണിത്. ടോം ക്രൂസിന്റെ ടോപ്പ് ഗൺ മാവെറിക്കിന്റെ സഹാതിരക്കഥാകൃത്തുകൂടിയായിരുന്നു ക്രിസ്റ്റഫർ മക്വയറി.
കഴിഞ്ഞ ചിത്രത്തിൽ പർവ്വതത്തിന് മുകളിൽ നിന്നും ബൈക്കോടിച്ച് താഴേക്ക് ജംപ് ചെയ്യുന്ന സീനായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയതെങ്കിൽ ഇത്തവണ പറക്കുന്ന ബൈപ്ലെയ്നിൽ ടോം ക്രൂസിന്റെ തൂങ്ങിയാടിയുള്ള സ്റ്റണ്ട് സീക്വൻസ് ആണ് ആരാധകർക്കായി താരം അതിസാഹസികമായി ചിത്രീകരിച്ചിരിക്കുന്നത്.
ടോം ക്രൂസിനൊപ്പം ഹെയ്ലി അറ്റ്വെൽ, എസെയ് മൊറേൽസ്, സൈമൺ പെഗ്, പോം ക്ലെമെന്റിഫ്, മാരിയേല ഗാരിഗ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 3000 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റേതായി ഇതിനുമുൻപ് പുറത്തുവിട്ട ടീസറിന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.