വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ ടീം ഇന്ത്യ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ഷാര്‍ജയില്‍ വൈകീട്ട് ഏഴരക്കാണ് അവസാനത്തേതും നിര്‍ണായകവുമായ ഗ്രൂപ്പ് മത്സരത്തിനായി ഇറങ്ങുക. മൂന്ന് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ഓസീസിന് സെമിഫൈനല്‍ പ്രവേശം ഏതാണ്ട് ഉറപ്പാക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്കാകട്ടെ ഈ മത്സരം വിജയിച്ചെ മതിയാകൂ എന്നതാണ്. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. തിങ്കളാഴ്ച ന്യൂസിലന്‍ഡ്-പാകിസ്ഥാ മത്സരഫലം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ മുന്നോട്ട്‌പോക്ക്. അതേ സമയം പാക്കിസ്താനെതിരായി വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ പ്രധാന രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റത് ആശങ്കയായി തുടരുകയാണ് ഓസിസ് ക്യാമ്പില്‍. വിക്കറ്റുകീപ്പറും ക്യാപ്റ്റനുമായ അലിസ ഹീലിയും ബോളര്‍ ടെയ്ല വ്‌ളെമിങ്കും ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം തന്നെ വേണം. നാല് പോയിന്റുകള്‍ വീതമുള്ള ഇന്ത്യക്കും ന്യൂസിലാന്‍ഡിനും തുല്ല്യസാധ്യതയാണുള്ളത്. എന്നാല്‍ വലിയ മാര്‍ജിനില്‍ ഓസീസിനെ മറികടക്കാനായാല്‍ ഇന്തക്ക് അനായാസം മുന്നേറാം. അല്ലാത്ത പക്ഷം പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ തുടങ്ങിയ താരങ്ങള്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ ഓസീസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞേക്കാം. ആദ്യം ഓസീസിന് ബാറ്റിങ് ലഭിച്ചാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പണിയെടുക്കേണ്ടി വരും. മൂന്ന് കളികളില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മലയാളി താരം ആശ ശോഭന അടക്കമുള്ള ബോളിങ് സംഘത്തില്‍ തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ.