മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണമെന്നും പിഎംഎ സലാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സംസാരത്തില്‍ വ്യക്തതയും കൃത്യതയുമുണ്ടെങ്കില്‍, ഇനിയും അനിശ്ചിതമായി നീളില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ അതിന്റെ കൂടെ നില്‍ക്കും. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് ലീഗ് നീങ്ങിയത്. ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ജനങ്ങള്‍ ലീഗിനെ വിശ്വസിച്ചേല്‍പ്പിച്ച പണം ആണ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണം – പിഎംഎ സലാം വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികള്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ സ്വന്തം നിലയ്ക്ക് തന്നെ സ്ഥലം കണ്ടെത്താനും വീടുകള്‍ വച്ചു നല്‍കാനുമുള്ള തീരുമാനം ലീഗ് കൈക്കൊള്ളുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. ഈ സമയത്താണ് സഹായം വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയത്. പിന്നാലെയാണ് ലീഗ് ചര്‍ച്ചയ്ക്ക് തയാറെന്ന് അറിയിച്ചത്.
മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു സഹായം വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്നത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ്. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കാനാണ് തീരുമാനം. മുസ്ലീം ലീഗ് 100 വീടുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.