
ശിവപ്രസാദിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനാകുന്ന ചിത്രം മരണമാസിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ജെകെ സംഗീത സംവിധാനം നിർവഹിച്ച ‘ചില്ല് നീ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു ദാസ്, രാഘൂ എന്നിവർ ചേർന്നാണ്. ആദ്യ ഗാനം ഒരു പ്രമോ ഫാസ്റ്റ് നമ്പർ ആയിരുന്നു എങ്കിൽ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയത് ഒരു ഇമോഷണൽ മെലഡിയാണ്.
വിനായക് ശശികുമാർ വരികളെഴുതിയ ലിറിക്കൽ ഗാന രംഗത്തിൽ പ്രണയവും വിരഹവും കൂടിച്ചേർന്ന ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നു.
യുവതാരവും ബേസിൽ ജോസഫിന്റെ അടുത്ത സുഹൃത്തുമായ ടൊവിനോ തോമസ് സഹ നിർമ്മാതാവായി മരണമാസിന്റെ ഭാഗമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം അനിഷ്‌മ അനിൽകുമാർ, സുരേഷ് കൃഷ്ണ, സിജു സണ്ണി, ബാബു ആന്റണി, രാജേഷ് മാധവൻ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ പലതവണ നിർമ്മിക്കപ്പെട്ട സൈക്കോ ത്രില്ലർ എന്ന ഫിലിം ജോണറിനെ ഡാർക്ക് കോമഡിയുടെ മേമ്പൊടിയോടെ പ്രേഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമാണ് മരണമാസ്.
നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടിയ പൊന്മാൻ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ മരണമാസ്സിലൂടെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന സിജു സണ്ണി ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയാണ്.
നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോയാണ്. ടൊവിനോ തോമസിനൊപ്പം, റാഫേൽ പോഴോലിപറമ്പിലും, റ്റിംഗ്‌സ്റ്റൺ തോമസും, തൻസീർ സലാമും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസായാണ് ആരാധകരിലേക്കെത്തുന്നത്. മരണമാസ് ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും.