കേരളത്തിലേക്ക് എത്തുന്ന മോഷ്ടാക്കളിൽ കൊടും ക്രൂരരായ കള്ളന്മാരുടെ സംഘമാണ് തഞ്ചാവൂരിലെ വല്ലം ഗ്യാങ്. സംഘമായി പോയി ഒരു പ്രദേശത്ത് പല കൂട്ടമായി തിരിഞ്ഞു മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. മോഷണ ശ്രമത്തിനിടെ ആളുകൾ തിരിച്ചറിയുകയോ എതിർക്കാൻ ശ്രമിക്കുകയും ചെയ്താൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നത് ഇവരുടെ പതിവ് രീതിയെന്ന് തമിഴ്നാട് പോലീസ് തന്നെ പറയുന്നു. കേരളത്തിൽ പിടിയിലായ സന്തോഷ് ഈ ഗ്യാങ്ങിൽ നിന്നും പിരിഞ്ഞാണ് തിരുവമ്പേരൂർ ഗ്യാങിൽ എത്തിയത്.
തമിഴ്നാട്ടിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളും ലക്ഷ്യം വെച്ചു പോകുന്ന മോഷണ സംഘത്തിലെ ഏറ്റവും അപകടകാരികളാണ് വല്ലം ഗ്യാങ്. ഓരോ മോഷണത്തിനും പോകുന്നത് 13 മുതൽ 15 വരെ പേരുള്ള സംഘങ്ങളായാണ് ‘ഒരു പ്രദേശത്ത് എത്തിക്കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷന് അടുത്താണ് ഇവർ കൂട്ടമായി താമസിക്കുന്നത്. അവിടെനിന്ന് അനുയോജ്യമായ പ്രദേശങ്ങൾ കണ്ടുപിടിക്കാൻ പല ഗ്യാങ്ങുകളായി തിരിഞ്ഞു പോകുന്നതാണ് ഇവരുടെ രീതി എന്ന് തമിഴ്നാട് പോലീസ് പറയുന്നു.
ഒന്നിലധികം പേരാണ് ഒരു മോഷണത്തിനായി എത്തുന്നത്. വീടുകളിൽ മോഷണശ്രമത്തിനിടെ ഇവരെ തടയാൻ ശ്രമിക്കുകയോ എതിർക്കുകയോ ചെയ്താൽ കയ്യിലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻപോലും മടിയില്ലാത്തവർ. ആഴത്തിൽ മുറിവേൽപ്പിച്ച് രക്ഷപ്പെടുകയാണ് സ്ഥിരമായി ചെയ്യുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മോഷണത്തിനു പോയവർ കൃത്യമായ തീയതികളിൽ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തും.മോഷണം മുതൽ വീതം വയ്ക്കുന്നതിനും പ്രത്യേക കണക്കുകൾ ഉണ്ട് ഇവർക്ക്.
ഈ സംഘം കേരളത്തിൽ പ്രധാനമായും എത്തുന്നത് തിരുവനന്തപുരത്താണെന്നുള്ളതാണ് തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നത്.ഒരു രാത്രി കൊണ്ട് വന്നു പോകുന്നതിനുള്ള എളുപ്പമാണ് തലസ്ഥാനത്തോടുള്ള പ്രത്യേക ഇഷ്ടത്തിന്റെ കാരണം. പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ വല്ലം ഗ്യാങ്ങിന്റെ ഒരു സംഘം ഇപ്പോഴും സജീവമാണെന്നും തമിഴ്നാട് പോലീസ് പറയുന്നു. ആയുധങ്ങളുമായി ട്രൗസറിട്ട് മോഷ്ടിക്കാൻ ഇറങ്ങുന്നതാണ് ഇവരുടെ പൊതു ഐഡൻറിറ്റി എന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കുന്നു.