
മലപ്പുറം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്. ഈ മാസം 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിൻ്റ കിണറ്റിൽ ആന വീണത്.
രക്ഷാ ദൗത്യവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി.കാർത്തിക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു. രുപത് മണിക്കൂറിൽ അധികമാണ് ആന കിണറ്റിൽ കുടുങ്ങിയത്. ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്.
ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.ആനയെ രക്ഷപ്പെടുത്തിക്കഴിഞ്ഞാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടരുതെന്നും ദൂരെ ഉൾക്കാട്ടിൽ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് കരക്കെത്തിച്ചത്. സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണിരുന്നത്.