മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള് ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്.
2022-ല്‍ നഗരത്തിലുണ്ടായ മരണങ്ങളില്‍ 10 ശതമാനം ഹൃദയാഘാതം മൂലമാണെന്ന് സർവേയിൽ പറയുന്നു. 2023-ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു. 40 വയസിന് താഴെയുള്ളവരില്‍ രക്തസമ്മര്‍ദവും പ്രമേഹവും വര്‍ധിച്ചുവരുന്നതായി സര്‍വേയില്‍ വ്യക്തമാക്കുന്നതായും ആരോഗ്യവിഭാഗം അറിയിച്ചു.
18-നും 69-നുമിടയില്‍ പ്രായമുള്ള മുംബൈക്കാരില്‍ 34 ശതമാനംപേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും 18 ശതമാനംപേര്‍ക്ക് പ്രമേഹമുണ്ടെന്നും 21 ശതമാനംപേര്‍ ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ ഉള്ളവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 21.6 ലക്ഷം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഡോര്‍ ടു ഡോര്‍ സ്ക്രീനിങ് പ്രോഗ്രാമില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്ന് അറിയാത്ത 18,000 മുംബൈക്കാരെ കണ്ടെത്തി.