ഖത്തര്‍ ലോക കീരിടം നേടിയത് മുതല്‍ അര്‍ജന്റീനിയന്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് താരവും ഒപ്പം വിവാദ നായകനുമാണ്. ലോക കപ്പ് ഫൈനലിലെ സമ്മാനദാന ചടങ്ങിനിടെയും പിന്നീട് ഡ്രസിങ് റൂമിലും അര്‍ജന്റീനയിലെ ആഘോഷത്തിനിടയിലുമൊക്കെ ഫ്രാന്‍സിന്റെ സൂപ്പര്‍താരം കിലിയന്‍ എംബാപെയെ പരിഹസിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് എമിലിയാനോ വിവാദനായകനായത്. ഖത്തറിലെ സംഭവ വികാസങ്ങളില്‍ ഫിഫയുടെ സസ്‌പെന്‍ഷന് താരം വിധേയമായത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ലോക കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നടത്തിയ തീപാറുന്ന സേവുകള്‍ പോലെ കഴിഞ്ഞ ദിവസം നടന്ന ഒരു മത്സരത്തിലും എമിലിയാനോ മത്സരം വിജയിപ്പിച്ചതിന്റെ ചുക്കാന്‍ പിടിച്ചിരിക്കുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ആസ്റ്റണ്‍ വില്ല നേടിയ ചരിത്ര വിജയം എമിലിയാനോ എന്ന ഗോള്‍കീപ്പറുടെ മാത്രം കരുത്തിലായിരുന്നു. ആസ്റ്റണ്‍ വില്ല ആരാധാകനായ വെയ്ല്‍സ് രാജകുമാരന്‍ വില്യമും എമിലിയാനോ മാര്‍ട്ടിനസിന്റെ നിറഞ്ഞാട്ടത്തിന് സാക്ഷിയായി.
മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍വില്ല വിജയിച്ചിരുന്നു. പകരക്കാരനായി ഇറങ്ങിയ കൊളംബിയന്‍ താരം ജോണ്‍ ഡുറാന്‍ 79-ാം മിനിറ്റില്‍ നേടിയ ഗോളോടെ ടൂര്‍ണമെന്റില്‍ അപരാജിതരായി മുന്നേറിയിരുന്ന ബയേണ്‍ തോല്‍വി അറിയുകയായിരുന്നു. മത്സരത്തില്‍ മേല്‍ക്കൈ ഏറെക്കുറെ ഇംഗ്ലീഷ് താരം ഹാരികെയ്ന്‍ നയിച്ച ബയേണിനായിരുന്നെങ്കിലും കുറഞ്ഞത് ആറ് സുന്ദരമായ സേവുകളെങ്കിലും തന്റെ ടീമിനായി എമിലിയാനോ നടത്തി. ഇതില്‍ ഹാരികെയിന്റെ ഗോളെന്നുറച്ച ഒരു തുറന്ന അവസരം കൂടി മാര്‍ട്ടിനസ് ഇല്ലാതാക്കിയിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ എണ്ണം പറഞ്ഞ രണ്ട് സേവുകള്‍ എമിലിയാനോയില്‍ നിന്ന് വന്നു. ബയേണ്‍ കോച്ച് വിന്‍സെന്റ് കൊമ്പനിയെ പോലും തീര്‍ത്തും നിരാശനാക്കിയതായിരുന്നു ഈ അവസാന സേവുകള്‍.
”ഞങ്ങള്‍ക്ക് നിരവധി അവസങ്ങള്‍ ലഭിച്ചു. പക്ഷേ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല” മത്സരത്തിന് ശേഷം വിന്‍സെന്റ് കൊമ്പനിക്ക് ഇത്തരത്തില്‍ പറയേണ്ടി വന്നതിന് കാരണം എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനിയന്‍ കീപ്പര്‍ മാത്രമായിരുന്നു. സ്റ്റോപ്പേജ് ടൈമില്‍ സെര്‍ജ് ഗ്നാബ്രിയുടെ ഗോളെന്നുറച്ച നീക്കവും ഹാരികെയ്‌ന്റെ ഹെഡ്ഡര്‍ സേവ് ചെയ്തതും മത്സരത്തിലെ ‘എമിലിയാനോ മാജിക്’ ആയി. ആറ് തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ച് ആസ്റ്റണ്‍വില്ലക്ക് മുമ്പില്‍ തോല്‍വി അറിഞ്ഞപ്പോള്‍ അതൊരു ചരിത്രവുമായി. 1982-ല്‍ ബയേണിനെ 1-0ന് തോല്‍പ്പിച്ചതിന് ശേഷം 42 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ആസ്റ്റണ്‍ വില്ലയുടെ വിജയമെത്തുന്നത്. ടീമിന്റെ കടുത്ത ആരാധകനായ വെയ്ല്‍സ് രാജകുമാരന്‍ വില്യം ജനിക്കുന്നതും ഇതേ വര്‍ഷം തന്നെയായിരുന്നു. 1983-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യനായിരുന്ന യുവന്റസിനോട് തോറ്റതിന് ശേഷം യൂറോപ്യന്‍ ഫുട്‌ബോള്‍ എലൈറ്റ് മത്സരത്തില്‍ വില്ലയുടെ ആദ്യ ഹോം മാച്ച് കൂടിയായിരുന്നു ഇത്.